ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പര; തിയതികള്‍ പ്രഖ്യാപിച്ചു

ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2024 ജനുവരിയിലാണ് നടക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

author-image
Greeshma Rakesh
New Update
ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പര; തിയതികള്‍  പ്രഖ്യാപിച്ചു

 

 

മുംബൈ: അഫ്ഗാനിസ്ഥാന് എതിരെയുള്ള ഇന്ത്യയുടെ നീട്ടിവച്ച പരമ്പരയുടെ തിയതികള്‍ പ്രഖ്യാപിച്ച് ബിസിസിഐ. ഈ വര്‍ഷം ജൂണ്‍ 23 മുതല്‍ ജൂണ്‍ 30 വരെ നടക്കേണ്ടിയിരുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര 2024 ജനുവരിയിലാണ് നടക്കുക എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.

ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ജയ് ഷായുടെ പ്രതികരണം. ബിസിസിഐയുടെ പുതിയ മീഡിയ റൈറ്റ്സിന്റെ കാര്യത്തില്‍ ഓഗസ്റ്റ് അവസാനം തീരുമാനമാകും എന്നും ഷാ കൂട്ടിച്ചേര്‍ത്തു.

 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും അതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിന് എതിരായ മുഴുനീള പര്യടനവും വന്നതോടെയാണ് ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവച്ചത്. ഓസീസിനെതിരായ ഫൈനലിന് ശേഷം താരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ ബിസിസിഐ പദ്ധതിയിട്ടതോടെ അഫ്ഗാന്‍ പരമ്പര നീട്ടിവയ്ക്കുകയായിരുന്നു.

വിന്‍ഡീസിനെതിരായ പരമ്പരയ്ക്ക് ശേഷം അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയും ഏഷ്യാ കപ്പും വരുന്നതിനാല്‍ തിരക്കുപിടിച്ച് അഫ്ഗാനുമായി പരമ്പര കളിക്കേണ്ടതില്ല എന്ന തീരുമാനത്തിലായിരുന്നു ബിസിസിഐ.

ഇരു ക്രിക്കറ്റ് ബോര്‍ഡുകളും സംയുക്തമായാണ് പരമ്പര നീട്ടിവെക്കാന്‍ തീരുമാനമെടുത്തത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് മുമ്പ് ഓസ്ട്രേലിയയുമായി മൂന്ന് ഏകദിനങ്ങളും ടൂര്‍ണമെന്റിന് ശേഷം അഞ്ച് ടി20കളും കളിക്കാനും ബിസിസിഐ തീരുമാനമെടുത്തിട്ടുണ്ട്.

 

cricket bcci IND vs AFG Jai Shah