ലെസ്റ്റര്‍ സിറ്റിയെ വീഴ്ത്തി ടോട്ടനം; സൊണ്‍ ഹ്യൂഗ് മിന്നിന് ഹാട്രിക്

By priya.18 09 2022

imran-azhar

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ ആറ് ഗോളുകള്‍ക്ക് ടോട്ടനം ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തി. കൊറിയന്‍ താരം സൊണ്‍ ഹ്യൂഗ് മിന്നിന്റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്റെ ജയം. 73, 84, 86 മിനിറ്റുകളിലായിരുന്നു മിന്നിന്റെ ഗോളുകള്‍ പിറന്നത്.

 

ഹാരി കെയ്ന്‍, എറിക് ഡയര്‍, റോഡ്രിഗോ ബെന്റാന്‍കര്‍ എന്നിവരാണ് ടോട്ടനത്തിന് വേണ്ടി മറ്റ് ഗോളുകള്‍ നേടിയത്.യൂറി ടെലിമാന്‍സും ജയിംസ് മാഡിസണുമാണ് ലെസ്റ്ററിന്റെ ഗോളുകള്‍ നേടിയത്. അഞ്ചാം ജയത്തോടെ ടോട്ടന്‍ഹാം 17 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.


അതേസമയം മാഞ്ചസ്റ്റര്‍ സിറ്റി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏഴാം റൗണ്ടില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് വൂള്‍വ്സിനെ തോല്‍പിച്ചു. ജാക് ഗ്രീലിഷ്, എര്‍ലിംഗ് ഹാലന്‍ഡ്, ഫില്‍ ഫോഡന്‍ എന്നിവരാണ് ഗോളുകള്‍ നേടിയത്.

 

ഒന്നാം മിനിറ്റില്‍ തന്നെ ഗ്രീലിഷ് സിറ്റിയെ മുന്നിലെത്തിച്ചു. സീസണില്‍ ഗ്രീലിഷിന്റെ ആദ്യ ഗോളാണിത്. പതിനാറാം മിനിറ്റില്‍ ഹാലന്‍ഡ് ലീഡുയര്‍ത്തി. അറുപത്തിയൊന്‍പതാം മിനിറ്റിലാണ് ഫില്‍ ഫോഡന്‍ ഗോള്‍പട്ടിക തികച്ചത്.

 

 

OTHER SECTIONS