വാക്കുപാലിച്ച് പ്രധാനമന്ത്രി: പി വി സിന്ധുവിന് ഒപ്പം ഐസ്‌ക്രീം, ഒളിംപ്യന്‍മാരുമായി കൂടിക്കാഴ്‌ച നടത്തി

By Preethi.16 08 2021

imran-azhar

 

ദില്ലി: ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ കായിക താരങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച്ച നടത്തി. മെഡല്‍ നേടിയാല്‍ ഒരുമിച്ച് ഐസ്ക്രീം കഴിക്കാമെന്ന് ടോക്കിയോയിലേക്ക് പോകും മുന്‍പ് ബാഡ്‌മിന്റന്‍ താരം പി വി സിന്ധുവിനോട് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

 

ലോക് കല്യാണ്‍ മാര്‍ഗിലെ പിഎം ഹൗസില്‍ പ്രഭാത ഭക്ഷണത്തിനിടെയായിരുന്നു കൂടിക്കാഴ്ച്ച. പ്രഭാത ഭക്ഷണത്തില്‍ മോദി ഈ വാക്കുപാലിക്കുകയും ചെയ്തു.

 

ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്ത കായിക താരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ഇക്കുറി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍. ഒളിംപിക്‌സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ കായിക താരങ്ങളെ ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ വേദിയിൽ കയ്യടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

 


രാജ്യത്തെ വരും തലമുറകളെ മുഴുവൻ പ്രചോദിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചു എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ചരിത്രത്തിലാദ്യമായാണ് കായിക താരങ്ങൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇത്തരത്തിൽ പ്രാതിനിധ്യം കിട്ടുന്നത്.

 

സ്വർണ മെഡൽ ജേതാവും ജാവലിൻ ത്രോ താരവുമായ നീരജ് ചോപ്രയും വെങ്കല മെഡൽ ജേതാവായ ബാഡ്‌മിന്റൺ താരം പി വി സിന്ധു, ഗുസ്തി താരങ്ങളായ രവികുമാർ ദാഹിയ, ബജ്‌റംഗ് പൂനിയ, മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് തുടങ്ങിയവരുൾപ്പടെ ഒളിംപിക്‌സ് സംഘത്തിലെ മുന്നൂറോളം പേരാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്.

 

 

 

OTHER SECTIONS