എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്;ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഈ സീസണു ശേഷവും ക്ലബില്‍ തുടരും'; എറിക് ടെന്‍ ഹാഗ്

By parvathyanoop.19 07 2022

imran-azhar

 

സൂപ്പര്‍ താരം ക്രിസ്റ്റാനോ റൊണാള്‍ഡോ ക്ലബില്‍ തുടരുമെന്നാവര്‍ത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്. ഈ സീസണു ശേഷവും താരം ക്ലബില്‍ തുടരുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. യുണൈറ്റഡിലെ കരിയര്‍ മതിയാക്കി ക്രിസ്റ്റ്യാനോ മറ്റ് ക്ലബുകളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറച്ചുനാളായി വരുന്നുണ്ട്.

 

ക്രിസ്റ്റ്യാനോയ്ക്ക് ഇനി യുണൈറ്റഡില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിനാണ് ടെന്‍ ഹാഗിന്റെ പ്രതികരണം.'ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വില്പനയ്ക്കില്ല. ഞാന്‍ അദ്ദേഹത്തിനൊപ്പമാണ് കാര്യങ്ങള്‍ തീരുമാനിച്ചത്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണ്. സാഹചര്യങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. എനിക്ക് കൃത്യമായ അറിയിപ്പ് കിട്ടിയിട്ടുണ്ട്. ഒരു സീസണിലേക്ക് കൂടി തുടരാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. ഈ സീസണു ശേഷവും അദ്ദേഹം ക്ലബില്‍ തുടര്‍ന്നേക്കും.''- ടെന്‍ ഹാഗ് പറഞ്ഞു.

 

യുണൈറ്റഡ് പ്രീസീസണ്‍ ആരംഭിച്ചെങ്കിലും ഇതുവരെ ക്രിസ്റ്റ്യാനോ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കുടുംബപരമായ കാര്യങ്ങളെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നതെന്ന് യുണൈറ്റഡ് പറയുന്നു. എന്നാല്‍, ടീം വിടാന്‍ ഒരുങ്ങിയിരിക്കുന്നതിനാലാണ് താരം ഇതുവരെ യുണൈറ്റഡിനൊപ്പം ചേരാത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് വരുന്ന ഓഫറുകള്‍ പരിഗണിക്കാന്‍ ക്രിസ്റ്റ്യാനോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടു എന്ന് സൂചനയുണ്ട്.


അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൈന്‍ ചെയ്യാന്‍ താത്പര്യമില്ല എന്ന നിലപാട് ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ആവര്‍ത്തിച്ചിരുന്നു. ക്രിസ്റ്റ്യാനോയോട് തങ്ങള്‍ക്ക് ബഹുമാനമാണെന്നും താരത്തെ സൈന്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും ബയേണ്‍ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ ഹാസന്‍ സാലിഹമിദ്‌സിക് വ്യക്തമാക്കി.സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രമുഖ താരങ്ങളെയൊന്നും സ്വന്തമാക്കാത്തതും പുതിയ കോച്ച് എറിക് ടെന്‍ ഹാഗിന് കീഴില്‍ അര്‍ഹമായ അംഗീകാരം കിട്ടുമോയെന്ന സംശയവും ടീം വിടാന്‍ റൊണാള്‍ഡോയെ പ്രേരിപ്പിക്കുന്നു.

 

ഇതിനിടെയാണ് റൊണാള്‍ഡോ മുന്‍ ക്ലബായ സ്പോര്‍ട്ടിങ് ലിസ്ബണിലെക്ക് ചേക്കേറുന്നുവെന്ന വാര്‍ത്ത സജീവമായത്. സ്പോര്‍ട്ടിങ് ലിസ്ബണ്‍ സ്റ്റേഡിയത്തിനു മുന്നില്‍ റൊണാള്‍ഡോയുടെ കാര്‍ കണ്ടുവെന്നും സൂപ്പര്‍താരം ചര്‍ച്ചകള്‍ക്കായി നേരിട്ട് എത്തിയതാണ് എന്നുമായിരുന്നു പ്രചരിച്ച വാര്‍ത്തകള്‍.

 

 

OTHER SECTIONS