ഇതാണ് ശെരിക്കും 'ഡ്രീം 11'; ഒരോവറിൽ 5 സിക്സടിച്ച് തെവാതിയ, അതല്ലേ ഹീറോയിസം

By Sooraj Surendran.28 09 2020

imran-azhar

 

 

അബുദാബി: ഐപിഎൽ പതിന്മടങ്ങ് ആവേശത്തോടെ തിരിച്ചുവന്നിരിക്കുന്നു. ഞായറാഴ്ച നടന്ന രാജസ്ഥാൻ റോയൽസ് കിങ്‌സ് ഇലവൻ പഞ്ചാബ് പോരാട്ടം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ചിരിക്കുകയാണ്. ഇരു ടീമുകളുടെയും വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ടോസ് നേടിയ രാജസ്ഥാൻ പഞ്ചാബിനെ ബാറ്റിങ്ങിനയച്ചപ്പോൾ 106 റൺസ് നേടിയ മായങ്ക് അഗർവാളിന്റെയും, 69 റൺസ് നേടിയ ക്യാപ്റ്റൻ കെ.എൽ രാഹുലിന്റെയും മാസ്മരിക പ്രകടനത്തിൽ പഞ്ചാബ് സ്കോർബോർഡിൽ 223 റൺസ് കൂട്ടിച്ചേർത്തു.

 

രണ്ടാം ഇന്നിംഗ്സ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പഞ്ചാബ് ജയിക്കുമെന്ന് പലരും മുൻവിധി എടുത്തിരുന്നെങ്കിലും, പിന്നീട് അങ്ങോട്ട് കണ്ടത് മലയാളികളുടെ അഭിമാനം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ്. 42 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറുമടക്കം സഞ്ജു 85 റൺസ് നേടി. സഞ്ജു പുറത്തായതോടെ രാജസ്ഥാൻ വീണ്ടും പ്രതിസന്ധിയിലായി. ഇന്നിങ്സിന്റെ തുടക്കത്തിൽ 21 പന്തിൽ നിന്ന് വെറും 14 റൺസ് മാത്രമെടുത്ത തെവാതിയയായിരുന്നു നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ. സഹതാരങ്ങളുടെ മുഖത്ത് മത്സരം കൈവിട്ടുപോയെന്ന നിരാശ.

 

അപ്പോഴേക്കും വിലപ്പെട്ട ഓവറുകൾ അനാവശ്യമായി നഷ്ടപ്പെടുത്തിയ തെവാതിയക്കെതിരെ പരിഹാസവർഷങ്ങളും, ആക്ഷേപങ്ങളും, തെറിവിളികളും സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. എന്നാൽ തന്നെ തെറിവിളിപ്പിച്ചവരെ കൊണ്ട് തന്നെ കയ്യടി നേടിയിരിക്കുകയാണ് തെവാതിയ. പഞ്ചാബ് ബൗളൻ ഷെൽഡൺ കോട്രെൽ എറിഞ്ഞ 18-ാം ഓവറിലെ അഞ്ച് പന്തും അതിർത്തി കടത്തി ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയാണ് തെവാതിയ മറുപടിനൽകിയത്. കളി അവസാനിക്കുമ്പോൾ 31 പന്തിൽ 53 റൺസായിരുന്നു. വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ തെവാതിയക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. മൂന്ന് പന്തുകൾ ബാക്കി നിൽക്കെയാണ് രാജസ്ഥാൻ വിജയം കരസ്ഥമാക്കിയത്.

 

OTHER SECTIONS