രാജസ്ഥാന് മികച്ച തുടക്കം; നാലു വിക്കറ്റ് നഷ്ടമായി

By RK.21 09 2021

imran-azhar

 


ദുബായ്: പഞ്ചാബ് കിങ്സിനെതിരായ മത്സരത്തില്‍ ബാറ്റ് ചെയ്യുന്ന രാജസ്ഥാന്‍ റോയല്‍സിന് ആദ്യ 11 ഓവര്‍ പിന്നിട്ടപ്പോള്‍ നാലു വിക്കറ്റ് നഷ്ടമായി.

 

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ എവിന്‍ ലൂയിസും യശസ്വി ജയ്സ്വാളും ചേര്‍ന്ന് നല്‍കിയത്. അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഇരുവരും 5.3 ഓവറില്‍ സ്‌കോര്‍ 54 റണ്‍സ് നേടി.

 

മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന എവിന്‍ ലൂയിസിനെ പുറത്താക്കി അര്‍ഷ്ദീപ് സിങ് പഞ്ചാബിന് ആശ്വാസം പകര്‍ന്നു. 21 പന്തുകളില്‍ നിന്ന് 36 റണ്‍സെടുത്ത ലൂയിസിനെ അര്‍ഷ്ദീപ് മായങ്ക് അഗര്‍വാളിന്റെ കൈയ്യിലെത്തിച്ചു. ലൂയിസിന് പകരം നായകന്‍ സഞ്ജു സാംസണ്‍ ക്രീസിലെത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ രാജസ്ഥാന്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെടുത്തു.

 

ക്രീസില്‍ നിലയുറപ്പിക്കും മുന്‍പ് സഞ്ജു സാംസണെ പുറത്താക്കി ഇഷാന്‍ പോറെല്‍ അരങ്ങേറ്റം ഗംഭീരമാക്കി. സഞ്ജുവിന്റെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ രാഹുല്‍ മികച്ച ജംപിലൂടെ കൈയിലാക്കി. വെറും നാല് റണ്‍സ് മാത്രമാണ് രാജസ്ഥാന്‍ നായകന്റെ സമ്പാദ്യം.

 

നേരത്തെ രാജസ്ഥാന്‍ റോയല്‍സിനെതിരേ ടോസ് നേടിയ പഞ്ചാബ് കിങ്സ് നായകന്‍ ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഏഴ് മത്സരങ്ങളില്‍ നിന്ന് ആറുപോയന്റ് നേടിയ രാജസ്ഥാന്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. എട്ടുമത്സരങ്ങളില്‍ നിന്ന് ആറുപോയന്റുള്ള പഞ്ചാബ് ഏഴാമതും. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്.

 

പഞ്ചാബിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം, ആദില്‍ റഷീദ്, ഇഷാന്‍ പോറെല്‍ എന്നിവര്‍ അരങ്ങേറ്റം നടത്തും. രാജസ്ഥാന് വേണ്ടി ലിയാം ലിവിങ്സ്റ്റണ്‍, എവിന്‍ ലൂയിസ് എന്നിവരും അരങ്ങേറും.

 

സൂപ്പര്‍ താരങ്ങളായ ബെന്‍ സ്റ്റോക്സ്, ജോസ് ബട്ലര്‍, ആന്‍ഡ്രൂ ടൈ, ജോഫ്ര ആര്‍ച്ചര്‍ എന്നിവരില്ലാതെയാണ് രാജസ്ഥാന്‍ കളിക്കാനിറങ്ങുക. ഇവര്‍ക്ക് പകരം എവിന്‍ ലൂയിസ്, ഒഷെയ്ന്‍ തോമസ് തബ്റൈസ് ഷംസി, ഗ്ലെന്‍ ഫിലിപ്സ് എന്നീ താരങ്ങളെ ടീമിലെടുത്തിട്ടുണ്ട്.

 

മറുവശത്ത് ഡേവിഡ് മലാന്‍, ജൈ റിച്ചാര്‍ഡ്സണ്‍, റിലെ മെറെഡിത്ത് എന്നീ താരങ്ങള്‍ പഞ്ചാബിന് വേണ്ടി കളിക്കില്ല. ഇവര്‍ക്ക് പകരം നതാന്‍ എല്ലിസ്, ആദില്‍ റഷീദ്, എയ്ഡന്‍ മാര്‍ക്രം എന്നിവരെ പഞ്ചാബ് ടീമിലെത്തിച്ചിട്ടുണ്ട്.

 

 

 

 

OTHER SECTIONS