'അമ്മയ്ക്ക് സുഖമില്ലാതായി'; ഉടനടി തീരുമാനം,രാജ്കോട്ട് ടെസ്റ്റിൽ അശ്വിൻ പിൻമാറിയതിന്റെ കാരണം പുറത്തുവിട്ട് ബിസിസിഐ ഉന്നതൻ

ബിസിസിഐ വൈസ് പ്രസിഡൻറ് രാജീവ് ശുക്ല സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

author-image
Greeshma Rakesh
New Update
'അമ്മയ്ക്ക് സുഖമില്ലാതായി'; ഉടനടി തീരുമാനം,രാജ്കോട്ട് ടെസ്റ്റിൽ അശ്വിൻ പിൻമാറിയതിന്റെ കാരണം പുറത്തുവിട്ട് ബിസിസിഐ ഉന്നതൻ

 

രാജ്കോട്ട്: കരിയറിലെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചതിന് പിന്നാലെ ഇന്ത്യൻ വൈറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിൽ നിന്ന് പിൻമാറി. കുടുംബത്തിൽ ആർക്കോ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നമാണ് അശ്വിൻറെ പിൻമാറ്റത്തിന് കാരണമെന്ന് വാർത്താകുറിപ്പിലൂടെ ബിസിസിഐ സൂചിപ്പിച്ചിരുന്നു.

എന്നാൽ ഇപ്പോഴിതാ അശ്വിൻറെ കുടുംബവുമായി ബന്ധപ്പെട്ട് പല അഭ്യൂഹങ്ങളും പുറത്തുവന്നതിന് പിന്നാലെ യഥാർഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിഐ വൈസ് പ്രസിഡൻറ് രാജീവ് ശുക്ല.സുഖമില്ലാതായ അമ്മയ്ക്ക് അരികിലേക്കാണ് ആർ അശ്വിന് പാഞ്ഞെത്തിയിരിക്കുന്നത് എന്നാണ് ഇതോടെ വ്യക്തമായിരിക്കുന്നത്. ബിസിസിഐ വൈസ് പ്രസിഡൻറ് രാജീവ് ശുക്ല സാമൂഹ്യമാധ്യമമായ എക്സിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

'അശ്വിൻറെ മാതാവ് വേഗത്തിൽ സുഖംപ്രാപിക്കാൻ ആശംസകൾ നേരുന്നു. അമ്മയ്ക്കൊപ്പമായിരിക്കാൻ അശ്വിന് അടിയന്തരമായി രാജ്കോട്ടിൽ നിന്ന് ചെന്നൈയിലേക്ക് എത്തേണ്ട സാഹചര്യം വന്നിരിക്കുകയാണ്' എന്നുമാണ് രാജീവ് ശുക്ലയുടെ ട്വീറ്റ്.

ബിസിസിഐ വാർത്താകുറിപ്പ്

'അശ്വിനും കുടുംബത്തിനും എല്ലാ പിന്തുണയും അറിയിക്കുന്നു. താരങ്ങളുടെയും അവരുടെ പ്രിയപ്പെട്ടവരുടെയും ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. ഈ പ്രതിസന്ധിക്കാലത്ത് അശ്വിൻറെയും കുടുംബത്തിൻറെയും സ്വകാര്യതയെ ബിസിസിഐ മാനിക്കുന്നു. അശ്വിന് എല്ലാവിധ സഹായങ്ങളും ഒരുക്കാൻ ബോർഡ് സജ്ജമാണ്. അശ്വിൻറെ സാഹചര്യം ആരാധകരും മാധ്യമങ്ങളും മനസിലാക്കും എന്ന് കരുതുന്നു- ഇത്രയുമാണ് അശ്വിൻ രാജ്കോട്ട് ടെസ്റ്റിലെ അവശേഷിക്കുന്ന ദിനങ്ങൾ കളിക്കില്ല എന്ന് അറിയിച്ചുകൊണ്ടുള്ള ബിസിസിഐയുടെ വാർത്താകുറിപ്പിലുണ്ടായിരുന്നത്.

രവിചന്ദ്രൻ അശ്വിന് പിൻമാറിയതോടെ രാജ്കോട്ട് ടെസ്റ്റിൽ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി. ഏതെങ്കിലും താരത്തിന് പരിക്കോ കൊവിഡ് ബാധയോ സംഭവിച്ചാൽ മാത്രമേ സബ്സ്റ്റിറ്റ്യൂട്ട് താരത്തെ അനുവദിക്കൂ എന്നാണ് ഐസിസി ചട്ടം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകൾ കൂടിയും അശ്വിന് നഷ്ടമാകുന്ന സാഹചര്യമുണ്ടായാൽ താരത്തിന് പകരക്കാരനെ ബിസിസിഐ പ്രഖ്യാപിക്കും.

 

bcci ravichandran ashwin IND VS ENG rajkot test rajiv shukla