സഞ്ജുവിന്റെ ഇന്നിംഗ്സ് സിലക്ടർമാർക്കുള്ള മറുപടി

By Sooraj Surendran.07 09 2019

imran-azhar

 

 

തിരുവനന്തപുരം: ദേശീയ ടീമിൽ ഇടം നേടാൻ മലയാളി താരം സഞ്ജു സാംസണ് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പര. അഞ്ച് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങിയ മത്സരത്തിൽ നാലാം ഏകദിനത്തിലാണ് സഞ്ജുവിന് കളത്തിലിറങ്ങാൻ അവസരം ലഭിച്ചത്. അതാകട്ടെ സമ്പൂർണ പരാജയവും. ആറാമനായിറങ്ങിയ സഞ്ജു വെറും രണ്ട് പന്തുകൾ മാത്രമാണ് നേരിട്ടത്. എന്നാൽ തികച്ചും അപ്രതീക്ഷിതമായാണ് അഞ്ചാം ഏകദിനത്തിൽ സഞ്ജുവിന് മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചത്. ഇത്തവണ ലഭിച്ച അവസരം നന്നായി മുതലെടുക്കാൻ സഞ്ജുവിന് സാധിച്ചു. 48 പന്തിൽ നിന്നും 6 ബൗണ്ടറിയും, 7 സിക്സറുമടക്കം 91 റൺസ് നേടിയ സഞ്ജു സാംസൺ പരമ്പരയിലെ അവസാന ഏകദിനം ആഘോഷമാക്കി. മത്സരത്തിൽ സെഞ്ചുറിയോളം തിളക്കമുള്ള 91 റൺസുമായി സഞ്ജു മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി.

 

എന്തുകൊണ്ട് സഞ്ജുവിനെ ദേശീയ ടീമിൽ പരിഗണിക്കുന്നില്ല?

 

നല്ല സാങ്കേതിക മികവുള്ള കളിക്കാരൻ, എന്തുകൊണ്ട് സ‍ഞ്ജു സാംസണെ ഇന്ത്യൻ ഏകദിന ടീമിൽ പരിഗണിക്കുന്നില്ല? സീനിയർ താരങ്ങൾ ഉൾപ്പെടെയുള്ളവർ ഉയർത്തുന്ന പ്രധാന ചോദ്യമാണിത്. സഞ്ജുവിനെ നാലാം നമ്പരിലേക്കു പരിഗണിക്കണമെന്ന് മുതിർന്ന ഇന്ത്യൻ താരം ഹർഭജൻ സിംഗ് സഞ്ജുവിന്റെ പ്രകടനം കണ്ടശേഷം ട്വിറ്ററിൽ കുറിച്ചിരുന്നു. സാങ്കേത്തിക തികവുള്ള, ഉത്തരവാദിത്തമുള്ള ബാറ്റ്‌സ്മാനാണ് സഞ്ജുവെന്നും ഹർഭജൻ സിംഗ് പറഞ്ഞു. മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീറും സഞ്ജുവിനായി രംഗത്തെത്തി. നിലവിലെ ഫോമും കഴിവും പരിഗണിക്കുമ്പോള്‍ സഞ്ജുവിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പോലും ബാറ്റ് ചെയ്യാനാകും. ഈ വിസ്മയത്തെ കൊണ്ടുപോകാന്‍ വിക്രമില്‍ ഇടമുണ്ടോയെന്നും ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ടീമിലേക്ക് സഞ്ജുവിന്റെ വരവിനായി കാത്തിരിക്കുന്ന ക്രിക്കറ്റ് പ്രേമികളും ഏറെയാണ്. അതേസമയം ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ ഫോം കണ്ടെത്താനാകാത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന് പകരക്കാരനായി നാലാം നമ്പറിൽ സഞ്ജു സാംസണ് അവസരം നല്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ഏകദിന ടീമിേലക്ക് സഞ്ജുവിന് ഒരു പക്ഷേ സ്ഥാനം ലഭിച്ചില്ലെങ്കിലും ട്വന്റി20 ടീമിലേക്കു താരത്തെ പരിഗണിക്കാതിരിക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്. വിൻഡീസ് പര്യടനത്തിൽ ഋഷഭ് പന്തിന്റെ ഇന്നിങ്‌സുകൾ നിരാശാജനകമായിരുന്നു. രണ്ട് ടെസ്റ്റുകളിൽ താരം നേടിയത് 24,7,27 റണ്‍സുകൾ വീതമാണ്. വിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിന മൽസരങ്ങളിൽ പുറത്തായത് 20, 0 എന്നിങ്ങനെ റണ്‍സുകൾക്ക്. ടി ട്വൻറിയിൽ നേടിയ അർധശതകം (65*) മാത്രമാണ് പന്തിന്റെ എടുത്തുപറയാവുന്ന ഇന്നിംഗ്സ്.

 

മൂന്നാമനായത് തികച്ചും അപ്രതീക്ഷിതമായി- സഞ്ജു

 

നാലാം ഏകദിനത്തിൽ ആറാമനായിറങ്ങി പരാജയപ്പെട്ട സഞ്ജുവിന് അവസാന ഏകദിനത്തിൽ മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായാണ്. ടീം സ്കോർ രണ്ടിൽ നിൽക്കെ പ്രശാന്ത് ചോപ്ര പുറത്തായപ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. അവിടെനിന്നും ടീമിനെ കൈപിടിച്ചുയർത്തിയ സാംസൺ 16–ാം ഓവറിൽ സ്കോർ 160–ലെത്തിച്ചാണ് മടങ്ങിയത്. ഓപ്പണിങ് ബാറ്റ്സ്മാൻ ശിഖർ ധവാനുമൊത്ത് മികച്ച പാർട്ണർഷിപ്പാണ് സഞ്ജു പടുത്തുയർത്തിയത്. ജോർ‌ജ് ലിൻ‌ഡെയുടെ പന്തിൽ ജനമൻ മലാൻ എടുത്ത ക്യാച്ചിലൂടെയാണ് സഞ്ജു സാംസൺ പുറത്താകുന്നത്. ഇന്ത്യൻ ടീം ചീഫ് സിലക്ടർ എം.എസ്.കെ. പ്രസാദ് ഉൾപ്പെടെയുള്ളവർക്കു മുന്നിലായിരുന്നു സഞ്ജുവിന്റെ ക്ലാസ് പ്രകടനം. ഈ പ്രകടനത്തോടെ സഞ്ജുവിനെ ദേശീയ ടീമിൽ നിന്നും അവഗണിക്കാനാകില്ല എന്ന ആത്മവിശ്വാസത്തിലാണ് സഞ്ജുവും ആരാധകരും. മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും സെഞ്ചുറി നഷ്ടമായതിൽ വിഷമമുണ്ടെന്ന് സഞ്ജു ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ശിഖർ ധവാൻ ആത്മവിശ്വാസം പകർന്നുവെന്നും ഏതൊക്കെ ബോളർമാരെ ആക്രമിച്ചു കളിക്കണമെന്നു നിർദേശങ്ങൾ നൽകിയെന്നും സഞ്ജു പറഞ്ഞു.

 

OTHER SECTIONS