സെറീനയെ തോല്‍പ്പിച്ചു; ഒടുവില്‍ സെല്‍ഫിയെടുത്ത് ഫെഡറര്‍

By Online Desk .03 01 2019

imran-azhar

 

 

പെര്‍ത്ത്: ടെന്നീസ് ലോകത്തെ ഇതിഹാസ താരങ്ങളായ റോജര്‍ ഫെഡററും സെറീന വില്യംസും ഏറ്റുമുട്ടി. ചരിത്രത്തിലാദ്യമായായിരുന്നു ഈ പോരാട്ടം. പെര്‍ത്തില്‍ നടന്ന ഹോപ്മാന്‍ കപ്പിന്റെ മിക്‌സഡ് ഡബിള്‍സിലാണ് ഇരുവരും പരസ്പരം റാക്കറ്റേന്തിയത്. സ്വിറ്റ്‌സര്‍ലന്‍ഡിനായി കളിച്ച ഫെഡറര്‍ക്ക് ബെലിന്‍ഡ ബെന്‍സിച്ചായിരുന്നു കൂട്ടാളി. സെറീനയ്ക്ക് അമേരിക്കന്‍ ടീമില്‍ ഫ്രാന്‍സെസ് തിയാഫോ കൂട്ടായി വന്നു. മത്സരത്തില്‍ ഫെഡററും ബെലിന്‍ഡയും സെറീന-തിയാഫോ കൂട്ടുകെട്ടിനെ തോല്‍പ്പിച്ചു (4-2, 4-3).

 

ഫെഡററും സെറീനയും സിംഗിള്‍സില്‍ ജയിച്ചിരുന്നു. 'രസകരമായ മത്സരമായിരുന്നു. സെറീനയുമായുള്ള ഈ മത്സരം ഞാന്‍ ഏറെ ആസ്വദിച്ചു. അവര്‍ക്കെതിരെ കളിക്കുകയെന്നത് വലിയ ബഹുമതിയാണ്. അവരുടെ സെര്‍വുകള്‍ കരുത്തുറ്റതാണ്. ചാമ്പ്യനാണ് സെറീന'- മത്സരത്തിനുശേഷം ഫെഡറര്‍ പറഞ്ഞു.മത്സരം പെട്ടെന്ന് കഴിഞ്ഞുപോയതില്‍ വിഷമമുണ്ടെന്നായിരുന്നു സെറീനയുടെ പ്രതികരണം. 'ഫെഡറര്‍ എക്കാലത്തെയും മികച്ച കളിക്കാരനാണ്. നേരിട്ടു കളിച്ചപ്പോഴാണ് ഫെഡററുടെ മികവ് കൂടുതല്‍ വ്യക്തമായത്' സെറീന പറഞ്ഞു.


ടെന്നീസ് ആരാധകര്‍ക്ക് ഈ മത്സരം അതൊരു അത്ഭുതക്കാഴ്ച തന്നെയായിരുന്നു. ടെന്നീസിലെ രാജാവ് റോജര്‍ ഫെഡററും റാണി സെറീന വില്ല്യംസും നേര്‍ക്കുനേര്‍ വരുന്ന കാഴ്ച്ച ഏറെ ആവേശകരമായി കാണികള്‍ ഏറ്റെടുത്തു. ഹോപ്മാന്‍ കപ്പിലെ മിക്സഡ് ഡബിള്‍സ് മത്സരത്തിലാണ് ഇരുവരും ആദ്യമായി മുഖാമുഖം വന്നത്.


എന്നാല്‍ ഈ മത്സരത്തേക്കാളും ആരാധകരെ ആകര്‍ഷിച്ചത് മത്സരശേഷം നടന്ന സംഭവങ്ങളാണ്. ഫെഡററും സെറീനയുടെ ഒരുമിച്ച സെല്‍ഫിയെടുത്തു. ഫെഡറര്‍ സെല്‍ഫി സ്റ്റിക്കെടുത്തപ്പോള്‍ സെറീന ചിരിച്ച് പോസ് ചെയ്തു. ഈ സെല്‍ഫി ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

OTHER SECTIONS