ഇംഗ്ലണ്ട് പര്യടനത്തിനുളള പാക് ടീമിലെ 7 താരങ്ങള്‍ക്ക് കൂടി കോവിഡ്

By praveenprasannan.23 06 2020

imran-azhar

ഇസ്ലാമാബാദ്: ഇംഗ്ലണ്ട് പര്യടനത്തിനുളള പാകിസ്ഥാന്‍ ക്രക്കറ്റ് ടീമിലെ ഏഴ് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. വിമാനം കയറുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് ഏഴു താരങ്ങളുടെ പരിശോധാഫലം കൂടി പോസിറ്റീവായത്. മൂന്നു താരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ഇതോടെ പാക് ക്രിക്കറ്റ് ടീമിലെ പത്ത് താരങ്ങള്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. മുഹമ്മദ് ഹസ്‌നയ്ന്‍, കഷീഫ് ഭാട്ടി, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് ഹഫീസ്, വഹാബ് റിയാസ്, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഹൈദര്‍ അലി, ഷതാബ് ഖാന്‍, ഹാരിസ് റൗഫ് എന്നിവരുടെ പരിശോധനാഫലം നേരത്തെ പോസിറ്റീവായിരുന്നു.താരങ്ങളില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. പത്ത് പേരോടും ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചതായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കമുണ്ടായവരോടും ഐസലേഷനില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഹാരിസ് സുഹൈല്‍, മുഹമ്മദ് ആമിര്‍ എന്നിവര്‍ നേരത്തെ പര്യടനത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഈ മാസം 28-നാണ് പാക് ടീം ലാഹോറില്‍ നിന്ന് മാഞ്ചസ്റ്ററിലേക്ക് വിമാനം കയറേണ്ടത്. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20യും ഉള്‍പ്പെടുന്നതാണ് പരമ്പര. അതേസമയം ഇംഗ്ലണ്ട് പര്യടനം ഇപ്പോള്‍ അനിശ്ചിതത്വത്തിലായിട്ടുണ്ട്.

OTHER SECTIONS