ഷൂട്ടിങ് ലോകകപ്പ്:സ്വര്‍ണ നേട്ടവുമായി മനു ഭേക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട്

By Sooraj Surendran .28 02 2019

imran-azhar

 

 

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യക്ക് വീണ്ടും സ്വര്‍ണം. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാകര്‍ - സൗരഭ് ചൗധരി കൂട്ടുകെട്ടാണ് സ്വര്‍ണ നേട്ടം കൈവരിച്ചത്.ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയുടെ മൂന്നാം സ്വര്‍ണമാണിത്. 2019 ഷൂട്ടിങ് ലോകകപ്പില്‍ സൗരഭ് ചൗധരിയുടെ രണ്ടാമത്തെ വ്യക്തിഗത സ്വര്‍ണമാണിത്. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ 483.4 പോയിന്റോടെയാണ് മനു ഭേക്കര്‍-സൗരഭ് ചൗധരി കൂട്ടുകെട്ട് ജയം സ്വന്തമാക്കിയത്.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ ചൈനക്ക് വെള്ളിയും, കൊറിയക്ക് വെങ്കലവുമാണ് നേടാനായത്. 778 പോയിന്റുമായാണ് റൗണ്ടില്‍ ഇവര്‍ ഫൈനലില്‍ കടന്നത്. അതേസമയം ഇതേ ഇനത്തില്‍ മത്സരിച്ച ഇന്ത്യയുടെ തന്നെ ഹീന സിദ്ധു - അഭിഷേക് വര്‍മ സഖ്യത്തിന് ഫൈനലിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ല. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അപൂര്‍വി ചന്ദേലയാണ് ഇന്ത്യക്കായി ഷൂട്ടിങ് ലോകകപ്പില്‍ ആദ്യ സ്വര്‍ണം നേടിയത്. മിക്സഡ് ടീമിന് പുറമെ പുരുഷവിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും സൗരഭ് ചൗധരി സ്വര്‍ണം നേടിയിരുന്നു. 245.0 എന്ന റെക്കോഡ് പ്രകടനം കാഴ്ച്ചവെച്ച സൗരഭ് ചൗധരി 2020 ടോക്യോ ഒളിമ്പിക്‌സിനും യോഗ്യത നേടിയിരുന്നു. ഇതോടെ ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും സൗരഭ് ചൗധരി സ്വന്തമാക്കി. അപൂര്‍വി ചന്ദേലയും ഷൂട്ടിങ് ലോകകപ്പില്‍ യോഗ്യത നേടിയിരുന്നു. അതേസമയം വ്യക്തിഗത ഇനത്തില്‍ മനു ഭേക്കറിന് സ്വര്‍ണം നേടാന്‍ സാധിച്ചില്ല.

OTHER SECTIONS