ആദ്യ സ്വര്‍ണ്ണ നേട്ടത്തില്‍ സൗരഭ് ചൗധരിക്ക് റെക്കോര്‍ഡ്:

By Sooraj Surendran .25 02 2019

imran-azhar

 

 

ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഷൂട്ടിങ് സ്പോര്‍ട് ഫെഡറേഷന്‍ ലോകകപ്പില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണ്ണം. സൗരഭ് ചൗധരിയാണ് ഇന്ത്യക്കായി റെക്കോര്‍ഡ് നേട്ടത്തോടെ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. അതേസമയം ഇന്ത്യന്‍ താരം മനു ഭേക്കറിന് ഫൈനലില്‍ അഞ്ചാം സ്ഥാനം മാത്രമാണ് കരസ്ഥമാക്കാനായത്. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ 245.0 എന്ന റെക്കോഡ് സ്‌കോറോടെയാണ് സൗരഭ് ചൗധരി സ്വര്‍ണ്ണം കരസ്ഥമാക്കിയത്. സെര്‍ബിയയുടെ ഡാമിര്‍ മൈക്കിനെ മറികടന്നാണ് സൗരഭ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. ഡോ. കര്‍ണി സിങ് ഷൂട്ടിങ് റേഞ്ചില്‍ നടന്ന മത്സരത്തില്‍ എതിരാളികള്‍ക്ക് മേല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സൗരഭ് ചൗധരി അവസാന ഷോട്ട് തൊടുക്കുന്നതിന് മുന്‍പ് തന്നെ വിജയം ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ അവസാന ഷോട്ടിലാണ് സൗരഭിന് ലോകറെക്കോര്‍ഡ് സ്വന്തമാക്കാനായത്. റെക്കോര്‍ഡ് നേട്ടത്തോടെ 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടാനും സൗരഭ് ചൗധരിക്കായി. സൗരഭിന്റെ ആദ്യത്തെ സീനിയര്‍ ലോകകപ്പാണിത്. നേരത്തെ യൂത്ത് ഒളിമ്പിക്‌സിലും ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും ജൂനിയര്‍ തലത്തില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ സൗരഭിന്റെ സീനിയര്‍ തലത്തിലെ ആദ്യ സ്വര്‍ണനേട്ടമാണിത്. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ജൂനിയര്‍ തലത്തിലെ റെക്കോഡും സൗരഭിന്റെ പേരിലാണ്. ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സൗരഭ് ചൗധരിയുടെ പേരിലാണ്. സീനിയര്‍ താരങ്ങളോട് മത്സരിച്ചാണ് സൗരഭ് ചൗധരി ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുന്നത്. കെ.എസ്.എസ് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സൗരഭ് ചൗധരിയുടെ പ്രകടനം ഷൂട്ടിങ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. മീററ്റിനടുത്തുള്ള കലിന സ്വദേശിയാണ് സൗരഭ് ചൗധരി. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യന്‍ താരം അപൂര്‍വി ചന്ദേല കഴിഞ്ഞ ദിവസം സ്വര്‍ണ്ണം കരസ്ഥമാക്കിയിരുന്നു.

OTHER SECTIONS