നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് അട്ടിമറി ജയം

By Anju N P.11 Feb, 2018

imran-azhar

 


ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ നിയമപ്രകാരം പുനനിര്‍ണയിച്ച 202 റണ്‍സെന്ന കടമ്പ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലേക്ക് കുതിച്ചു. നൂറാം മത്സരത്തില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ ശിഖര്‍ ധവാന്റെ(109) റെക്കോഡ് പ്രകടനം പാഴായി.

 


ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ മോശം ഫോം രോഹിത് ശര്‍മ്മ(5) തുടര്‍ന്നതോടെയാണ് ഇന്ത്യക്ക് വിക്കറ്റ് നഷ്ടം തുടങ്ങിയത്. സ്വന്തം ഏറില്‍ റബാഡ രോഹിത് ശര്‍മ്മയെ ഉഗ്രനൊരു കാച്ചിലൂടെയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റില്‍ ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ഒത്തുചേര്‍ന്നതോടെ ഇന്ത്യന്‍ സ്‌കോറിംങ് മുന്നേറി. 158 റണ്‍സ് നേടിയെടുത്താണ് അവരുടെ കൂട്ടുകെട്ട് പിരിഞ്ഞത്. 83 പന്തില്‍ 75 റണ്‍സ് നേടിയ കോഹ്ലിയെ മോറിസ് പുറത്താക്കി.ഏകദിന പരമ്പരയില്‍ ഇതുവരെ 392 റണ്‍സ് നേടിയ കോഹ്ലിയുടെ റണ്‍ ശരാശരി 196 വരും.

 

ഇടിമിന്നലും വെളിച്ചക്കുറവും മൂലം 34.2 ഓവറെത്തിയപ്പോള്‍ മത്സരം തടസപ്പെട്ടിരുന്നു. അപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. കളി പുനരാരംഭിച്ച ഉടന്‍ ശിഖര്‍ ധവാനേയും പിന്നാലെ രഹാനേയെയും ഇന്ത്യക്ക് നഷ്ടപ്പെട്ടതോടെ ഇന്ത്യയുടെ ബലം പാടെ തകര്‍ന്നു. 105 പന്തില്‍ 109 റണ്‍സ് നേടിയാണ് ശിഖര്‍ ധവാന്‍ മടങ്ങിയത്. ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി(35, 51*, 76) മികച്ച ഇന്നിംങ്സുകള്‍ കളിച്ച ധവാന്‍ അര്‍ഹിച്ച സെഞ്ചുറിയാണ് പ ജോഹന്നാസ്ബര്‍ഗില്‍ നേടിയത്.

 

ധവാനും രഹാനെക്കും പിന്നാലെ ശ്രേയസ് അയ്യരും(21 പന്തില്‍ 18) പാണ്ഡ്യയും(9) എന്‍ഗിഡിക്കും റബാഡക്കും വിക്കറ്റ് നല്‍കിയതോടെ അവസാന ഓവറുകളില്‍ ഇന്ത്യ ഇഴഞ്ഞു. 43 പന്തില്‍ 42 റണ്‍സ് നേടിയ ധോണി മാത്രമാണ് അവസാന ഓവറുകളില്‍ പന്തിനൊപ്പിച്ച് റണ്‍സ് നേടിയത്. ഒരുഘട്ടത്തില്‍ 330 റണ്‍സിലേറെ നേടുമെന്ന് തോന്നിപ്പിച്ച ഇന്ത്യയുടെ ബാറ്റിംങിന്റെ ബാലന്‍സു തെറ്റിച്ചത് കളിക്കിടയിലെ ഇടവേളയായിരുന്നു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ എന്‍ഗിഡിയും റബാഡയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ക്രിസ് മോറിസും മോര്‍ക്കലും ഓരോ വിക്കറ്റ് വീഴ്ത്തി.

 

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 43ന് ഒരു വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കേ വീണ്ടും മഴയെത്തി. ഇത്തവണയും ഇടവേള അനുഗ്രഹമായത് ദക്ഷിണാഫ്രിക്കയ്ക്ക്. 28 ഓവറില്‍ 202 എന്ന വിജയലക്ഷ്യം 15 പന്തുകള്‍ ശേഷിക്കെ അവര്‍ മറികടന്നു. ദക്ഷിണാഫ്രിക്കയുടെ എല്ലാ ബാറ്റ്സ്മാന്മാരും രണ്ടക്കം കടന്ന മത്സരം കൂടിയായിരുന്നു ഇത്. മക്രാം(22), ആംല(33), ഡുമിനി(10), ഡിവില്ലേഴ്സ്(26), മില്ലര്‍(39), ക്ലാസെന്‍(43), ഫെലുക്വായോ(23) എന്നിങ്ങനെ പ്രോട്ടീസ് ബാറ്റ്സ്മാന്മാര്‍ കൂട്ടായി നേടിയതാണ് പിങ്ക് ഡേയിലെ ഈ വിജയം.

 

OTHER SECTIONS