സ്പോർടെക്സ് കേരളാ അന്താരാഷ്ട്ര കായിക എക്സ്പോ 2020-ന് തിരുവനന്തപുരത്ത് തുടക്കമായി

By online desk .14 02 2020

imran-azhar

 


തിരുവനന്തപുരം: കേരളത്തിലെ സ്‌പോർട്‌സ് ആന്റ് യൂത്ത് അഫയേഴ്‌സ് ഡയറക്ടറേറ്റ്, ന്യൂഡൽഹി ആസ്ഥാനമായുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ഇന്ത്യൻ എക്‌സിബിഷൻ സർവീസസ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ സ്പോർടെക്സ് എക്സ്പോ തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ തുടക്കമായി. കായിക മന്ത്രി ഇ. പി ജയരാജൻ വ്യാഴ്ച്ച തുടങ്ങിയ അന്താരാഷ്ട്ര കായിക എക്സ്പോ ഉദഘാടനം ചെയ്തു. മേയർ കെ. ശ്രീകുമാർ, മുൻമന്ത്രിയും തിരുവനന്തപുരം എം.എൽ.എയുമായ വി.എസ് ശിവകുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്‌ഘാടനം.

 


സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ലക്ഷ്മിഭായ് നാഷണൽ കോളേജ് ഫോർ ഫിസിക്കൽ എഡ്യൂക്കേഷൻ (കാര്യ വട്ടം) തുടങ്ങി ജില്ലയിലെ വിവിധ സ്‌പോർട്‌സ് സ്‌കൂളുകളിൽ നിന്നുമുള്ള മുന്നൂറോളം പ്രതിനിധികൾ എക്‌സ്‌പോയിൽ പങ്കെടുക്കും. മുൻ വർഷത്തിൽ നടന്ന അന്താരാഷ്ട്ര സ്പോർട്സ് എക്സ്പോ വിജയകരമായിരുന്നില്ലെങ്കിലും ഈ എക്സ്പോയിൽ നിന്ന് 40 മുതൽ 50 ലക്ഷം വരെ വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നു സംഘാടകർ പറയുന്നു. എക്സ്സ്പോയിൽ നിന്നുo ലഭിക്കുന്ന വരുമാനത്തിന് പുറമേ കോച്ചുകൾക്കും അത്ലറ്റുകൾക്കും ഏറ്റവും പുതിയ കായിക ഉപകരണങ്ങൾ പരിചയപ്പെടാനുള്ള അവസരം ലഭിക്കും.

 


കായിക ഉൽ‌പ്പന്നങ്ങളുടെ വിൽ‌പനയും പ്രദർശനവും കൂടാതെ, ഉയർന്ന പ്രകടന പരിശീലനം, കായിക മേഖലയിൽ ഉയർന്നുവരുന്ന തൊഴിൽ സാധ്യതകളിൽ നിന്നുള്ള നൈപുണ്യ വികസനം, നീന്തൽക്കുളങ്ങളിലെ നവീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറുകളും ഈ മൂന്ന് ദിവസങ്ങളിൽ നടത്തും. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങൾ ഉൾപ്പെടെയുള്ള കായിക അഭ്യാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആന്റ് യൂത്ത് അഫയേഴ്സിന്റെ തുടർച്ചയായ സംരംഭങ്ങളിലൊന്നാണ് ഈ എക്സ്പോ.

 

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ 1,000 കോടി രൂപയുടെ ഫണ്ട് ഇക്കാര്യത്തിനായി സർക്കാർ ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് ഡയറക്ടർ ജെറോമിക് ജോർജ് പറഞ്ഞു. പ്രധാനമായും അത്ലറ്റിക്സിലും ഫുട്ബോളിലും ശ്രദ്ധ കേന്ദ്രീകരിച്ച് സിന്തറ്റിക് ട്രാക്കുകൾ, ഫുട്ബോൾ മൈതാനം, ഗാലറി എന്നിവ സംസ്ഥാനത്തൊട്ടാകെയുള്ള സ്റ്റേഡിയങ്ങളിൽ വികസിപ്പിച്ചെടുത്തു വരികയാണ്.

 

പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഇൻഡോർ സ്റ്റേഡിയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുകയാണെന്നും 2021 മാർച്ചിന് മുമ്പ് സ്റ്റേഡിയങ്ങൾ ഉദ്ഘാടനം ചെയ്യുമെന്നും ജെറോമിക് പറഞ്ഞു. കുട്ടികളുടെ ഫിറ്റ്‌നെസ് നിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള ‘പ്ലേ ഫോർ ഹെൽത്ത്’, നിലവിൽ നടക്കുന്ന കായിക വകുപ്പിന്റെ മറ്റൊരു പ്രോഗ്രാമാണെന്നും പദ്ധതി പ്രകാരം സംസ്ഥാനത്തെ 21 ഓളം സ്കൂളുകളിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത ഫിറ്റ്നസ് ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 18 മുതൽ 20 വരെയുള്ള  തീയതികളിൽ കണ്ണൂർ മുണ്ടയനാട് ഇൻഡോർ സ്റ്റേഡിയത്തിലും സ്പോർടെക്സ് കേരളാ അന്താരാഷ്ട്ര കായിക എക്സ്പോ നടത്തും. 

 

 

 

 

 

 

 

 

 

 

OTHER SECTIONS