സംസ്ഥാന സ്‌കൂള്‍ കായിക മേള; എറണാകുളം ചാമ്പ്യന്‍മാര്‍: ആതിഥേയര്‍ മൂന്നാം സ്ഥാനത്ത്

By anju.29 10 2018

imran-azhar


തിരുവനന്തപുരം: 62-ാമത് സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം എറണാകുളത്തിന്. 253 പോയിന്റ് നോടിയാണ് എറണാകുളം ടീം ചാമ്പ്യന്‍ഷിപ് കിരീടം സ്വന്തമാക്കിയത്. 196 പോയിന്റ് നേട്ടവുമായി പാലക്കാട് രണ്ടാം സ്ഥാനവും ആതിഥേയരായ തിരുവനന്തപുരം 101 പോയിന്റുമായി മൂന്നാം സ്ഥാനത്തുമെത്തി.


100 പോയിന്റ് നേട്ടത്തില്‍ കോഴിക്കോടാണ് നാലാം സ്ഥാനത്ത്. 30 സ്വര്‍ണവും 26 വെള്ളിയും 20 വെങ്കലവുമാണ് എറണാകുളം നേടിയത്. പാലക്കാടിന് 24 സ്വര്‍ണവും 16 വെള്ളിയും 13 വെങ്കലവും ലഭിച്ചു. മൂന്നാം സ്ഥാനം ലഭിച്ച തിരുവന്തപുരത്തിന് 10 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവും ലഭിച്ചപ്പോള്‍ നാലാംസ്ഥാനം നേടിയ കോഴിക്കോടിന് എട്ട് സ്വര്‍ണവും 12 വെള്ളിയും 10 വെങ്കലവും ലഭിച്ചു.


നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂള്‍ ചാമ്പ്യന്‍ പട്ടം കോതമംഗലം സെന്റ് ജോര്‍ജ് തിരിച്ചു പിടിച്ചു. മണിപ്പൂരി താരങ്ങളുടെ പിന്‍ബലത്തില്‍ ചാമ്പ്യന്‍ഷിപ്പ് തിരികെ നേടിയപ്പോള്‍ സ്ഥിരം എതിരാളികളും ചാമ്പ്യനുമായ കേതമംഗലം മാര്‍ ബേസിലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി.


10 സ്വര്‍ണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവുമാണ് സെന്റ് ജോര്‍ജ്ജിന് ലഭിച്ചത്. 62 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തിയ പാലക്കാട് കെഎച്ച്എസ് മേളയിലെ താരമായി. 10 സ്വര്‍ണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടിയാണ് രണ്ടാംസ്ഥാനത്തേക്ക് എത്തിയത്.


മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോള്‍ മാര്‍ ബേസലിനു ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും ചേര്‍ത്ത് 50 പോയിന്റ് മാത്രമായി.
തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസ് ആയിരുന്നു മേളയിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം.


കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി ഒമ്പതാം സ്ഥാനത്ത് തുടരുന്ന നാട്ടിക നാലാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ആറ് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവത്തിന്റെ കരുത്തില്‍ 45 പോയിന്റുമായാണ് നാട്ടിക നാലാംസ്ഥാനത്ത് എത്തിയത്. അഞ്ചാം സ്ഥാനത്ത് എത്തിയ പറളി സ്‌കൂള്‍ മൂന്ന് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കല നേട്ടവുമായി 32 പോയിന്റ് നേടി.


സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ സായി തിരുവനന്തപുരമാണ് ചാമ്പ്യന്‍മര്‍. എറണാകുളം മാതിരപ്പിള്ളി എംഎ കോളജ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, കോട്ടയം ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പ്രളയത്തെത്തുടര്‍ന്നു ആര്‍ഭാടരഹിതമായി നടത്തിയ മേളയില്‍ സമാപനച്ചടങ്ങും ട്രോഫി വിതരണവും ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി.

 

OTHER SECTIONS