പാക് പര്യടനത്തിനായുള്ള ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം; പ്രമുഖ താരങ്ങള്‍ പിന്മാറി

By mathew.10 09 2019

imran-azhar

 

കൊളംബോ: രാജ്യാന്തര ക്രിക്കറ്റിന്റെ മുഖ്യധാരയിലേക്ക് തിരികെയെത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി. പാകിസ്ഥാന്‍ പര്യടനത്തിനായി ഒരുങ്ങിയിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിലെ 10 പ്രമുഖ താരങ്ങള്‍ പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതിച്ചു. ട്വന്റി 20 ക്യാപ്റ്റന്‍ ലസിത് മലിംഗ, ഏകദിന ടീം നായകന്‍ ദിമുത് കരുണരത്‌നെ എന്നിവരുള്‍പ്പെടെ 10 പേരാണ് പര്യടനത്തില്‍ നിന്ന് പിന്മാറിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവരുടെ പിന്മാറ്റം. സെപ്റ്റംബര്‍ 27ന് കറാച്ചിയില്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് വീതം ഏകദിന, ട്വന്റി20 മല്‍സരങ്ങളാണുള്ളത്.


മലിംഗ, കരുണരത്നെ എന്നിവര്‍ക്ക് പുറമെ ഏഞ്ചലോ മാത്യൂസ്, തിസാര പെരേര, കുശാല്‍ പെരേര, നിരോഷന്‍ ഡിക്ക്വല്ല, ധനഞ്ജയ ഡിസില്‍വ, അഖില ധനഞ്ജയ, ദിനേഷ് ചണ്ഡിമല്‍, സുരംഗ ലക്മല്‍ എന്നിവരാണ് പാകിസ്ഥാനിലേക്ക് പോകാന്‍ വിസമ്മതം അറിയിച്ചത്. ഇതോടെ പാകിസ്ഥാനില്‍ പര്യടനം നടത്തുന്ന ഏകദിന ടീമിനെ ലഹിരുതിരിമാന്നെയും ട്വന്റി 20 ടീമിനെ ദസൂണ്‍ ഷാനകയും നയിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ശ്രീലങ്കന്‍ താരങ്ങള്‍ പരമ്പരയില്‍ നിന്ന് പിന്മാറാന്‍ കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക് മന്ത്രി ഫവാദ് ഹുസൈന്‍ ചൗധരി രംഗത്തെത്തി. പരമ്പരയില്‍ കളിക്കുന്നവരെ ഐപിഎല്ലില്‍ കളിപ്പിക്കില്ലെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായാണ് ആക്ഷേപം.

2009ല്‍ ലഹോറില്‍ വെച്ച് ശ്രീലങ്കന്‍ ടീമിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം പ്രമുഖ ടീമുകളൊന്നും പാക് പര്യടനത്തിനായി കാര്യമായി പോയിട്ടില്ല. സിംബാബ്വെ പോലുള്ള ചെറിയ ടീമുകള്‍ മാത്രമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യാന്തര മല്‍സരങ്ങള്‍ക്കായി പാകിസ്ഥാനില്‍ എത്തിയിട്ടുള്ളത്.

പാകിസ്ഥാനിലേക്ക് പോകുന്ന താരങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളെപ്പറ്റി ആദ്യം തന്നെ ബോര്‍ഡ് അധികൃതര്‍ ടീമിന് വിശദീകരണം നല്‍കിയിരുന്നു. താല്‍പര്യമുള്ളവര്‍ക്ക് മാത്രം പാകിസ്ഥാനിലേക്ക് പോകാമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 10 താരങ്ങള്‍ പര്യടനത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് രംഗത്തെത്തിയത്.

 

 

OTHER SECTIONS