പെയ്‌നിന്റെ ഡിക്ലറേഷൻ തകർത്തത് വാർണറിന്റെ ലോക റെക്കോർഡ്

By Sooraj Surendran .01 12 2019

imran-azhar

 

 

അഡ്‌ലെയ്ഡ്: ആഷസ് പരമ്പരയിലെ ബാറ്റിംഗ് പരാജയത്തിന് കണക്കുതീർക്കാൻ തുനിഞ്ഞു തന്നെയാണ് ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ ഇറങ്ങിയിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പാക്കിസ്ഥാനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ വാർണർ പുറത്തെടുത്ത്. 418 പന്തിൽ 39 ബൗണ്ടറിയും 1 സിക്സറുമടക്കം 335 റൺസാണ് വാർണറിന്റെ ബാറ്റിൽ നിന്നും പിറന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമയര്‍ന്ന സ്‌കോര്‍ എന്ന ബ്രയാന്‍ ലാറയുടെ റെക്കോർഡ് തകർക്കാൻ വാർണറിന് കഴിഞ്ഞില്ല.

 

ഓസീസ് നായകൻ ടിം പെയ്‌നിന്റെ തീരുമാനമാണ് വാർണറിന് തിരിച്ചടിയായത്. 589-3 (127) എന്ന നിലയിൽ വാർണർ 335 റൺസുമായി ബാറ്റിംഗ് തുടരവേയാണ് പെയ്ൻ കളി അവസാനിപ്പിക്കാൻ നിർദേശം നൽകിയത്. പെയ്‌നിന്റെ തീരുമാനത്തിനെതിരെ ഇതിനോടകം മുന്‍താരം ബ്രെറ്റ്‌ലീ അടക്കമുള്ളവര്‍ രംഗത്ത് വന്നു. ലാറയുടെ റെക്കോഡ് മറികടക്കാനുള്ള അവസരം ഇപ്പോഴാണ് വന്നതെന്നും അതു പെയ്ന്‍ നശിപ്പിച്ചെന്നും ബ്രെറ്റ് ലീ ട്വീറ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പെയ്‌നിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. റെക്കോർഡ് മറികടക്കാൻ 65 റൺസ് അകലെ വാർണർ നിൽക്കുമ്പോളായിരുന്നു കളി അവസാനിപ്പിക്കാൻ പെയ്ൻ നിർദേശം നൽകിയത്.

 

മത്സരത്തിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ പാക്കിസ്ഥാൻ 3 വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിലാണ്. ഇമാം ഉൾ ഹഖ് (0), അസർ അലി (9), ബാബർ അസം (8) എന്നിവരാണ് പുറത്തായത്. 14 റൺസുമായി ഷാൻ മസൂദ്, 8 റൺസുമായി ആസാദ് ഷഫീഖ് എന്നിവരാണ് ക്രീസിൽ. ബൗളിങ്ങിൽ ഓസീസിനായി ജോഷ് ഹേസൽവുഡ് 2 വിക്കറ്റും, മിച്ചൽ സ്റ്റാർക്ക് 1 വിക്കറ്റും നേടി.

 

 

OTHER SECTIONS