അഭിമാനമായി ഭവാനി ദേവി; രണ്ടാം റൗണ്ടിൽ പുറത്ത്‌; അമ്പെയ്‌ത്തില്‍ പുരുഷ ടീം ക്വാര്‍ട്ടറില്‍

By sisira.27 07 2021

imran-azhar

 ടോക്യോ: ഒളിമ്പിക്‌സ് ഫെന്‍സിങ്ങിൽ ചരിത്രത്തിലാദ്യമായി യോഗ്യതനേടുന്ന ഇന്ത്യന്‍ താരം ഭവാനി ദേവി രണ്ടാം റൗണ്ടുവരെയെത്തി പുറത്തായി.

 

രണ്ടാം റൗണ്ടിൽ ഫ്രാന്‍സിന്‍റെ ലോക മൂന്നാം നമ്പര്‍ താരമായ മനോൻ ബ്രൂനറ്റിനോടായിരുന്നു തോൽവി. സ്‌കോർ 15-7.


ആദ്യറൗണ്ടില്‍ ടുണീഷ്യയുടെ നദിയ ബെന്‍ അസിസിയെ തോല്‍പ്പിച്ച് ഭവാനി തിളക്കമാര്‍ന്ന തുടക്കംകുറിച്ചു (15-3).

 

ബ്രൂനറ്റിനോട് തോറ്റെങ്കിലും (15-7) തലയുയര്‍ത്തിപ്പിടിച്ചുതന്നെയാണ് 27-കാരിയായ ഇന്ത്യന്‍ താരം മടങ്ങുന്നത്.

 

''ഞാന്‍ എന്റെ കഴിവിനനുസരിച്ച് പരിശ്രമിച്ചു. പക്ഷേ, എനിക്ക് വിജയിക്കാനായില്ല. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകൊണ്ട് അടുത്ത ഒളിമ്പിക്‌സില്‍ ഞാന്‍ ശക്തമായി തിരിച്ചുവരും. എല്ലാവര്‍ക്കും നന്ദി.''- ഭവാനി പറഞ്ഞു.

 

ടോക്യോ ഒളിമ്പിക്‌സ് നല്‍കിയ അനുഭവപരിചയം എനിക്ക് കരുത്താകും. ഭാവിയില്‍ എന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ഇത് ഉപകാരപ്പെടും.

 

ഫെന്‍സിങ്ങില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരമായതില്‍ അഭിമാനമുണ്ടെന്നും ചെന്നൈ സ്വദേശിനിയായ ഭവാനി പറഞ്ഞു. ഇറ്റലിയിലാണ് ഭവാനി ദേവി പരിശീലനം നടത്തുന്നത്.

 

ആര്‍ച്ചറിയില്‍ മുന്നേറ്റം

 

പുരുഷൻമാരുടെ ആ‍ർച്ചറി ടീം വിഭാഗത്തിലെ എലിമിനേറ്റർ റൗണ്ടിൽ ഇന്ത്യൻ താരങ്ങൾ ജയം സ്വന്തമാക്കി. കസാഖിസ്ഥാനെയാണ് ഇന്ത്യ തോൽപിച്ചത്.

 

ഇന്ത്യയ്‌ക്കായി അതാനുദാസ്, പ്രവീൺ ജാദവ്, തരുൺദീപ് റായ് എന്നിവരാണ് മത്സരിക്കാനിറങ്ങിയത്.

 

രാവിലെ 10.15-നാണ് ക്വാർട്ടർ ഫൈനൽ. അതേസമയം ടേബിൾ ടെന്നീസ് പുരുഷവിഭാഗം സിംഗിൾസിൽ ശരത് കമല്‍ വിജയിച്ചു. രണ്ടാം റൗണ്ടിൽ പോർച്ചുഗൽ താരം തിയാഗോയെ തോൽപിച്ചു.

 

ടോക്കിയോയില്‍ നിന്ന് സന്തോഷ വാര്‍ത്ത കാത്തിരിക്കുകയാണ് ഇന്ന് കേരളം. നീന്തലില്‍ രാജ്യത്തിന്‍റെ പ്രതീക്ഷകളുമായി സജന്‍ പ്രകാശ് ആദ്യ മത്സരത്തിനിറങ്ങും.

OTHER SECTIONS