ചാമ്പ്യന്‍സ് ലീഗിന് ഇന്ന് തുടക്കം; പിഎസ്ജി-യുവന്റസ് ആവേശ പോരാട്ടം

By priya.05 09 2022

imran-azhar

 

പാരിസ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.പിഎസ്ജി-യുവന്റസ് പോരാട്ടമാണ് ആദ്യ ദിവസത്തെ പ്രധാന മത്സരം. യൂറോപ്യന്‍ ഫുട്‌ബോളിലെ പുതിയ ചാമ്പ്യന്‍മാരെ കണ്ടെത്താനുള്ള മത്സരങ്ങള്‍ക്ക് പല വേദികളില്‍ ഇന്ന് തുടക്കമാകും. ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമിട്ട് കളിക്കാനിറങ്ങുന്ന പിഎസ്ജിക്ക് ഇറ്റാലിയന്‍ കരുത്തന്മാരായ യുവന്റസാണ് എതിരാളികള്‍.


പിഎസ്ജിയുടെ മൈതാനത്ത് ഇന്ത്യന്‍ സമയം രാത്രി 12:30 നാണ് മത്സരം. ഫോമിലുള്ള ലിയോണല്‍ മെസി, നെയ്മര്‍ ജൂനിയര്‍, കിലിയന്‍ എംബാപ്പെ എന്നിങ്ങനെയുള്ള മൂവര്‍ സംഘത്തിലാണ് പിഎസ്ജിയുടെ പ്രതീക്ഷയത്രയും. ലീഗ് വണ്ണില്‍ തോല്‍വി അറിയാതെ ഗോള്‍ അടിച്ചുകൂട്ടിയാണ് പിഎസ്ജി സ്വന്തം കാണികള്‍ക്ക് മുന്നിലിറങ്ങുന്നത്.


ഈ സീസണില്‍ യുവന്റസിലേക്ക് എത്തിയ എഞ്ചല്‍ ഡി മരിയയും ലിയാന്‍ഡ്രോ പരേഡസും പിഎസ്ജിയുടെ മൈതാനത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. രാത്രി പന്ത്രണ്ടരയ്ക്ക് ആരംഭിക്കുന്ന മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്, സെല്‍റ്റിക്കിനെയും പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റി, സെവിയയെയും ഇറ്റാലിയന്‍ ചാമ്പ്യന്‍മാരായ എ സി മിലാന്‍, ആര്‍ ബി സാല്‍സ്ബര്‍ഗിനെയും നേരിടും.

 

മുന്‍ ചാമ്പ്യന്‍മാരായ ചെല്‍സി രാത്രി പത്തേകാലിന് തുടങ്ങുന്ന മത്സരത്തില്‍ ഡൈനമോ സാഗ്രബിനെയും ബൊറുസ്യ ഡോര്‍ട്ട്മുണ്ട്, ഡെന്‍മാര്‍ക്ക് ക്ലബ് എഫ് സി കോപ്പന്‍ഹേഗനെയും നേരിടും.

 

 

 

OTHER SECTIONS