By Anju N P.14 Feb, 2018
ടൂറിന്: ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ടോട്ടനം യുവന്റസിനോട് സമനിലപിടിച്ചു. യുവന്റസിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടി ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു.
മറ്റൊരു മത്സരത്തില്‍ സ്വിസ് ക്ലബ്ബ് ബാസലിനെ നാലു ഗോളിന് മുക്കി മാഞ്ചസ്റ്റര്‍ സിറ്റി തകര്‍പ്പന്‍ പ്രകടനം നടത്തി. ഗുണ്ടേഗന്റെ ഇരട്ട ഗോള്‍ മികവിലാണ് സിറ്റിയുടെ ആധികാരിക വിജയം. സില്‍വയും അഗ്യൂറോയുമാണ് മറ്റു രണ്ടു ഗോളുകള്‍ നേടിയത്.
യുവന്റസിനെതിരെ രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു ടോട്ടനത്തിന്റെ തിരിച്ചു വരവ്. ഗോന്സെലോ ഹിഹ്വയ്ന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ രണ്ടു ഗോളുകള്‍ നേടി. രണ്ട്, ഒമ്പത് മിനിറ്റുകളിലായിരുന്നു ഹിഗ്വയ്ന്റെ ഗോളുകള്‍.
ഹാരി കെയ്നിലൂടെ ടോട്ടനം 35-ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. ക്രിസ്റ്റ്യന്‍ എറിക്സെണ് 71-ാം മിനിറ്റില്‍ സമനില ഗോളും ടോട്ടനം പോസ്റ്റില്‍ കയറ്റി. മാര്‍ച്ച് എട്ടിനാണ് ഇവരുടെ രണ്ടാം പാദ മത്സരങ്ങള്‍ നടക്കുക.