ദക്ഷിണാഫ്രിക്കന്‍ പരന്പര നേടാന്‍ വഴി തേടി ഇന്ത്യ

By praveen prasannan.11 Jan, 2018

imran-azhar

സെഞ്ചൂറിയന്‍: ആദ്യ ടെസ്റ്റിലെ തോല്‍വി ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ സന്ദിഗ്ദ്ധാവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇനി രണ്ട് ടെസ്റ്റുകള്‍ ശേഷിക്കുന്നുണ്ട്.

ഒരു തോല്‍വിയോ സമനിലയോ പരന്പര നേടുകയെന്ന ലക്ഷ്യം തകര്‍ക്കുമെന്ന സ്ഥിതിയാണുള്ളത്. രണ്ട് ടെസ്റ്റും ജയിച്ചാലേ പരന്പര നേടാനാകൂ.

ആദ്യ ടെസ്റ്റില്‍ ബൌളിംഗില്‍ ഇന്ത്യന്‍ താരങ്ങള്‍ തിളങ്ങി. എന്നാല്‍ ബാട്സ്മാര്‍ക്ക് അനുകൂലമല്ലാത്ത പിച്ചാണെങ്കിലും ദക്ഷിണാഫ്രിക്കന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ പ്രതിരോധിക്കാനാകാത്തത് തിരിച്ചടിയാവുകയായിരുന്നു.

അജിങ്ക്യ രഹാനെ വിദേശ പര്യടനങ്ങളില്‍ ശോഭിച്ചിട്ടുള്ള താരമാണ്. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഫോം മങ്ങിയതിനാലാണ് ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.

പകരം ടീമില്‍ ഉള്‍പ്പെടുത്തിയ രോഹിത് ശര്‍മ്മ ലങ്കയില്‍ ടെസ്റ്റില്‍ രണ്ട് ശതകവും ഏകദിനത്തില്‍ ഇരട്ട ശതകവും നേടി. ഈ പ്രകടനം കൊണ്ട് സ്ഥാനമുറപ്പിച്ച താരത്തെ ഒരു ടെസ്റ്റിലെ പരാജയത്തിന്‍റെ വെളിച്ചത്തില്‍ രണ്ടാം ടെസ്റ്റില്‍ നിന്നൊഴിവാക്കുമോ എന്നാണ് അറിയേണ്ടത്. ഇങ്ങനെ ചെയ്താല്‍ ഒരാളുടെ ആത്മവിശ്വാസം കെടുത്താനേ അത് ഉപകരിക്കൂ. എന്നാല്‍ അടുത്ത രണ്ട് ടെസ്റ്റുകളിലും ജയിക്കേണ്ട അവസ്ഥ സംജാതമായിരിക്കെ നിലവിലെ ടീമിനെ തന്നെ രംഗത്തിറക്കുമോ എന്നും ക്രിക്കറ്റ് വിദഗ്ദ്ധര്‍ ഉറ്റുനോക്കുന്നു.

രോഹിത്തിന് പകരം രഹാനെ ഉള്‍പ്പെടുത്താം. ശിഖര്‍ ധവാന് പകരം ലോകേഷ് രാഹുലിനെയും ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തിപ്പെടുത്താനാകും. മധ്യനിരയില്‍ രഹാനെയെ ഉള്‍പ്പെടുത്തണമെങ്കില്‍ രോഹിത്തിനെ മാറ്റിനിര്‍ത്തേണ്ടി   വരും .

പാര്‍ത്ഥിവ് പട്ടേലിനെ വിക്കറ്റ് കീപ്പിംഗ് ഏല്‍പ്പിച്ച് വൃദ്ധിമാന്‍ സാഹയെ ഒഴിവാക്കുകയെന്ന വഴിയും മുന്നിലുണ്ട്. മുരളി വിജയ്ക്കൊപ്പം പാര്‍ത്ഥിവ് പട്ടേലിനെ ഓപ്പണറാക്കാം.

എന്നാല്‍ ബാറ്റിംഗില്‍ തിളങ്ങിയില്ലെങ്കിലും ആദ്യ ടെസ്റ്റില്‍ പത്ത് ക്യാച്ചുകളാണ് വൃദ്ധിമാന്‍ സാഹ എടുത്തതെന്നതും ശ്രദ്ധേയമാണ്. ആറാം വിദഗ്ദ്ധ ബാറ്റ്സ്മാനെ ഉള്‍പ്പെടുത്തണമെങ്കില്‍ ആള്‍റൌണ്ടറായ ഹാര്‍ദിക് പാണ്ഡ്യ ദിവസം കൂടുതല്‍ ഓവറുകള്‍ നന്നായി എറിയണ്ടി വരും. ആദ്യ ടെസ്റ്റില്‍ ബൌളിംഗിലും ബാറ്റിംഗിലും തിളങ്ങിയിരുന്നു പാണ്ഡ്യ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

OTHER SECTIONS