സെമി സാധ്യതകൾ ഇങ്ങനെ...

By Sooraj Surendran .01 07 2019

imran-azhar

 

 

ഇന്ത്യക്കെതിരായ ജയത്തോടെ സെമി സാധ്യതകൾ സജീവമാക്കി മുന്നിലെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട്. ജൂലൈ 3ന് ന്യൂസീലൻഡിനെതിരെയാണ് ഇംഗ്ലണ്ടിന് അവശേഷിക്കുന്ന മത്സരം. ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ടിന് ജയിക്കാനായാൽ 9 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി സെമിയിലെത്താം. അതേസമയം പാക്കിസ്ഥാനും, ബംഗ്ലദേശും കനിഞ്ഞാൽ ഇംഗ്ലണ്ടിന് ന്യൂസീലൻഡിനെതിരെ തോറ്റാലും സെമിയിലെത്താം. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതോടെ സെമി സാധ്യതകൾ മങ്ങിയത് പാക്കിസ്ഥാനും, ബംഗ്ലാദേശിനുമാണ്. ജൂലൈ 5ന് നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും, ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് പരാജയപ്പെടുകയും ചെയ്താൽ പാക്കിസ്ഥാന് സെമി ഉറപ്പിക്കാം. അതേസമയം ബംഗ്ലാദേശിന് സെമിയിലെത്താൻ കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വരും. ജൂലൈ 2ന് ഇന്ത്യക്കെതിരെയും, ജൂലൈ 5ന് പാക്കിസ്ഥാനെതിരെയും വൻ മാർജിനിൽ ജയിക്കുകയും ഒപ്പം ഇംഗ്ലണ്ട് ന്യൂസീലൻഡിനോട് പരാജയപ്പെടുകയും ചെയ്താൽ ബംഗ്ലാദേശിന് സെമിയിലെത്താം. നിലവിൽ ബംഗ്ലാദേശ് 7 മത്സരങ്ങളിൽ നിന്ന് 3 ജയവും 7 പോയിന്റുമായി ആറാം സ്ഥാനത്താണുള്ളത്. ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് ജയിച്ചതോടെ ശ്രീലങ്കയും സെമി കാണാതെ പുറത്താകുമെന്നുറപ്പായി. 7 മത്സരങ്ങളിൽ നിന്ന് 2 ജയവും 6 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ശ്രീലങ്ക. രണ്ട് മത്സരങ്ങൾ ശേഷിക്കുന്ന ഇന്ത്യക്ക് ഒരു മത്സരത്തിൽ ജയിച്ചാൽ സെമി ഉറപ്പിക്കാം. ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം അവശേഷിക്കുന്ന ന്യൂസിലൻഡും ഏറെക്കുറെ സെമി ഉറപ്പിച്ച മട്ടിലാണ്. 8 മത്സരങ്ങളിൽ നിന്ന് 5 ജയവും 11 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ന്യൂസീലൻഡ്. ലോകകപ്പിൽ സെമി ഉറപ്പിച്ച ഏക ടീമാണ് ഓസ്‌ട്രേലിയ. 8 മത്സരങ്ങളിൽ നിന്ന് 7 ജയവും 14 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ജൂലൈ 6ന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഓസ്‌ട്രേലിയയുടെ അവസാന മത്സരം.

OTHER SECTIONS