പിഴയ്ക്കാത്ത ചുവടുമായി നടന്നകന്ന ആറാംതമ്പുരാന്‍

By Online Desk .11 06 2019

imran-azhar

 

 

മുംബൈ: ഇന്ത്യന്‍ ടീം കോഴ വിവാദത്തില്‍ മുങ്ങി കിടക്കുന്ന സമയത്താണ് സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ഏതാണ്ട് അതേ സമയത്ത് തന്നെയാണ് യുവരാജ് സിംഗെന്ന ഏകദിന ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ അരങ്ങേറ്റവും. യുവരാജ് പാഡഴിക്കുമ്പോള്‍ ഒരു തലമുറ തന്നെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വഴിമാറുന്നത്. ഗാംഗുലിയില്‍ തുടങ്ങി ധോണിയിലും കോലിയിലും വരെ എത്തി നിന്നതായിരുന്നു യുവരാജിന്റെ ക്രിക്കറ്റ് ജീവിതം. പക്ഷേ യുവരാജിന്റെ ക്രിക്കറ്റ് ചരിത്രം തന്നെ മാറ്റിയെഴുതിയത് ദാദയാണ്. എക്കാലത്തും താന്‍ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തിനോടാണെന്ന് മുമ്പ് യുവരാജ് പറഞ്ഞിട്ടുണ്ട്. സിക്സറുകളുടെ പേരില്‍ അറിയപ്പെടുമ്പോഴും എക്കാലത്തും പോരാട്ടമായിരുന്നു യുവരാജിന്റെ ക്രിക്കറ്റ് ജീവിതം. ഇതിനും കാരണം ഗാംഗുലിയാണെന്ന് പറയേണ്ടി വരും. ഇന്ത്യ ടീം തോല്‍വികളില്‍ നിന്ന് പൊരുതാന്‍ പഠിച്ചത് ഗാംഗുലിയുടെ ക്യാപ്റ്റന്‍സിയില്‍ കീഴിലായിരുന്നു.


2000 മുതല്‍ തന്നെ ഇന്ത്യന്‍ ടീം അറിയപ്പെട്ടിരുന്നത് സച്ചിന്റെയും ദ്രാവിഡിന്റെയും ഗാംഗുലിയുടെയും ടീമെന്നായിരുന്നു. അത് പോരെന്ന് ഗാംഗുലിയാണ് തീരുമാനിച്ചത്. അതാണ് യുവിയെന്ന ക്രിക്കറ്ററുടെ കരിയര്‍ മാറ്റി മറിച്ചതും. 19ാം വയസ്‌സില്‍ ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു യുവരാജിന്റെ അരങ്ങേറ്റം. എന്നാല്‍ ഫൈനലിലെ മോശം പ്രകടനം കാരണം പിന്നീട് ടീമില്‍ എത്തുമോ എന്ന് പോലും യുവിക്ക് ഉറപ്പില്ലായിരുന്നു. എന്നാല്‍ വെടിക്കെട്ട് ബാറ്റിംഗ് നടത്താന്‍ യുവരാജിന് കഴിവുണ്ടെന്ന് ഗാംഗുലി തിരിച്ചറിഞ്ഞിരുന്നു. ചെറിയ പയ്യനാണ് യുവരാജെന്ന് സെലക്ടര്‍മാര്‍ പറഞ്ഞെങ്കിലും, തീരുമാനത്തില്‍ ഉറച്ച് നിന്ന് ഗാംഗുലിയാണ് യുവരാജിന് ടീമില്‍ ഇടം നല്‍കിയത്.


ഇംഗ്‌ളണ്ടിലെ നാറ്റ്വെസ്റ്റ് ട്രോഫിയില്‍ ഇന്ത്യ തകര്‍ന്ന് നില്‍ക്കുമ്പോഴാണ് യുവിയുടെ ബാറ്റിന്റെ കരുത്ത് ക്രിക്കറ്റ് ലോകം അറിഞ്ഞത്. 63 പന്തില്‍ 69 റണ്‍സെടുത്ത് യുവി മത്സരത്തിലെ നിര്‍ണായക ഇന്നിംഗ്സ് കാഴ്ച്ചവെച്ചു. മുഹമ്മദ് കൈഫിനൊപ്പം ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. 2007 വരെ ഇന്ത്യക്ക് ഏകദിന ക്രിക്കറ്റില്‍ ലഭിച്ച വലിയ കിരീടവും ഇത് തന്നെയായിരുന്നു. ഈ പ്രകടനമാണ് യുവിയുടെ കരിയര്‍ മാറ്റിമറിച്ചത്. ദാദയുടെ വിശ്വാസം കാത്തുസൂക്ഷിക്കാനും യുവരാജിന് സാധിച്ചു.


ഇന്ത്യ ടീമിലെ യുവാക്കളില്‍ ഗാംഗുലി വലിയ വിശ്വാസമായിരുന്നു. വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍, മുഹമ്മദ് കൈഫ് എന്നിവരില്‍ ഗാംഗുലി വിശ്വാസമര്‍പ്പിച്ചിരുന്നു. ഇത് ശരിയാണെന്ന് പിന്നീട് കാലം തെളിയിക്കുകയും ചെയ്തു. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറായി യുവരാജ് ഉയര്‍ന്ന് വരികയും ചെയ്തു. ഇടയ്ക്ക് ഫോം നഷ്ടമായെങ്കിലും 2007 മുതല്‍ 2011 വരെയുള്ള കാലയളവ് യുവരാജിന്റെ കരിയറിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. യുവ ഇന്ത്യയില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ എന്ന വിശേഷണവും യുവരാജിന് ഉണ്ടായിരുന്നു. 2007 ലോകകപ്പിലെ തോല്‍വിയാണ് യുവിയെന്ന പോരാളിയെ ഉണ്ടാക്കിയത്.

 

2007ലെ ടി20 ലോകകപ്പിലാണ് യുവരാജിന്റെ വിശ്വരൂപം എതിരാളികള്‍ അറിഞ്ഞത്. സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇംഗ്‌ളണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ ഒരോവറിലെ ആറു പന്തും സിക്സര്‍ പറത്തിയാണ് യുവരാജ് ഞെട്ടിച്ചത്. ടി20യിലെ വേഗമേറിയ അര്‍ദ്ധ സെഞ്ചുറിയും യുവരാജിന്റെ പേരിലാണ്. സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ 30 പന്തില്‍ 70 റണ്‍സടിച്ച് ഇന്ത്യയെ ഫൈനലിലെത്തിച്ചതും യുവരാജായിരുന്നു. പിന്നീട് 2011ലെ ലോകകപ്പില്‍ ഇന്ത്യയുടെ വിജയശില്‍പി എന്ന പേരും യുവരാജിനെ തേടിയെത്തി. ടൂര്‍ണമെന്റില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവി ലോകകപ്പിലെ താരമായിരുന്നു.

 

തുടക്കം 2000ത്തില്‍

 

2000ത്തിലാണ് രാജ്യം കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായ യുവിയുടെ കരിയര്‍ ആരംഭിക്കുന്നത്. 18ാം വയസില്‍ കരിയറിലെ രണ്ടാം ഏകദിനത്തില്‍ തന്നെ കരുത്തരായ ഓസ്ട്രേലിയക്കെതിരെ അര്‍ദ്ധസെഞ്ചുമായി അദ്ദേഹം വരവറിയിച്ചു. കെനിയയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫിയിലായിരുന്നു ശക്തരായ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ അദ്ദേഹം നിറഞ്ഞാടിയത്. പിന്നീട് യുവി ഉയരങ്ങളിലേക്ക് കുതിക്കുന്നതാണ് കണ്ടത്. ഇന്ത്യന്‍ മദ്ധ്യനിരയിലെ നട്ടെല്ലായി അദ്ദേഹം മാറി. 2003ല്‍ ഇംഗ്‌ളണ്ടില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫി ഫൈനലിലെ ഗംഭീര ഇന്നിംഗസിലൂടെ യുവി വീണ്ടും ശ്രദ്ധിക്കപ്പെട്ടു.

 

കരിയറിലെ മോശം ഇന്നിംഗ്‌സ് അതായിരുന്നു

 

മുംബൈ: വിരമിക്കല്‍ പ്രഖ്യാപനത്തിനിടെ തന്റെ കരിയറിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളെക്കുറിച്ചും മോശം ഇന്നിംഗ്‌സുകളെക്കുറിച്ചും മനസുതുറന്ന് യുവരാജ് സിംഗ്. ഇന്ത്യക്കായി 400 മത്സരങ്ങളില്‍ കളിക്കാനായതില്‍ താന്‍ ഭാഗ്യവാനാണെന്ന് പറഞ്ഞ യുവി കരിയര്‍ തുടങ്ങിയപ്പോള്‍ ഇത്രയും മത്സരം കളിക്കാനാകുമെന്ന് സ്വപ്‌നം പോലും കണ്ടിരുന്നില്ലെന്നും വ്യക്തമാക്കി. 2002ലെ നാറ്റ്വെസ്റ്റ് ഫൈനലിലെ പ്രകടനമാണ് കരിയറിലെ ഏറ്റവും തിളക്കമുള്ള ഇന്നിംഗ്‌സുകളിലൊന്ന്. 2004ല്‍ ലാഹോറില്‍ പാക്കിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതും 2007ല്‍ ഇംഗ്‌ളണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ പ്രകടനവും പിന്നെ 2007ലെ ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ആറു പന്തില്‍ ആറ് സിക്‌സറടിച്ചതും എല്ലാം തിളക്കമുള്ള നിമിഷങ്ങളായിരുന്നു. എന്നാല്‍ കരിയറില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം 2011ലെ ഏകദിന ലോകകപ്പ് ഫൈനലായിരുന്നുവെന്നും യുവി പറഞ്ഞു. ഒരുപാട് ഉയര്‍ച്ച താഴ്ചകള്‍ കണ്ട കരിയറില്‍ മോശം പ്രകടനങ്ങളും ഉണ്ടായിട്ടുണ്ട്. 2014ലെ ടി20 ലോകകപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 പന്തില്‍ 11 റണ്‍സെടുത്തതാണ് കരിയറിലെ ഏറ്റവും മോശം പ്രകടനമെന്നും യുവരാജ് പറഞ്ഞു. അത് എന്നെ ഉലച്ചു കളഞ്ഞു. തന്റെ കരിയര്‍ അവിടെ അവസാനിച്ചതായി തോന്നിയെന്നും യുവി പറഞ്ഞു.

OTHER SECTIONS