ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടല്‍; സിംബാബ്‌വെ കളിക്കളത്തിലിറങ്ങില്ല

By online desk.20 07 2019

imran-azhar

 

ലണ്ടന്‍: സിംബാബ്‌വെ ക്രിക്കറ്റിന്റെ (സെഡ്‌സി) അംഗത്വം ഐസിസി റദ്ദാക്കി. ഇതോടെ സിംബാബ്‌വെ ക്രിക്കറ്റ് ടീം ഇനി ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ കളിക്കില്ല. ലണ്ടനില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക യോഗത്തിലാണ് തീരുമാനം. ക്രിക്കറ്റ് ബോര്‍ഡില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുതെന്നാണ് ഐസിസി നിലപാട്. ഇതിന്റെ ലംഘനമാണ് സിംബാബ്‌വെയിൽ നടന്നത്. ഇത്തരം പ്രവണകള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കും.

 

സിംബാബ്‌വെയിൽ ക്രിക്കറ്റ് തുടരണമെന്നാണ് ആഗ്രഹം. അത് നിയമങ്ങള്‍ അനുസരിച്ചായിരിക്കണം– ഐസിസി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ വ്യക്തമാക്കി. 2015ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആദ്യമായാണ് ഒരു അംഗരാജ്യത്തിന് ഐസിസി സന്പൂര്‍ണ വിലക്കേര്‍പ്പെടുത്തുന്നത്. വിലക്ക് വരുന്നതോടെ രാജ്യത്തെ ക്രിക്കറ്റ് ബോര്‍ഡിനുള്ള ഐസിസിയുടെ എല്ലാ സഹായവും അവസാനിക്കും. പുരുഷ, വനിതാ ട്വന്റി–20 ലോകകപ്പുകളുടെ യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കാനും സിംബാബ്‌വെയ്ക്ക് സാധിക്കില്ല.

 


സിംബാബ്‌വെ ക്രിക്കറ്റ് (സെഡ്‌സി) ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിനു കാരണം രാജ്യത്തെ സ്‌പോര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍ കമ്മീഷന്റെ (എസ്ആര്‍സി) നടപടിയാണ്. കഴിഞ്ഞ മാസം എസ്ആര്‍സി, സെഡ്‌സിയെ പിരിച്ചുവിട്ടു. ആക്ടിംഗ് മാനേജിംഗ് ഡയറക്ടറായിരുന്ന ഗിവ്‌മോര്‍ മകോണിയടക്കമുള്ളവരെയും സസ്‌പെന്‍ഡ് ചെയ്തു. തുടര്‍ന്ന് മുന്‍ ചീഫ് എക്‌സിക്യൂട്ടീവായ ഡേവിഡ് എല്‍മാന്‍ ബ്രൗണ്‍, ഐസിസി മാച്ച് റഫറി അഹമ്മദ് ഇബ്രാഹിം അടക്കം ഏഴ് അംഗ സംഘത്തെ രാജ്യത്തെ ക്രിക്കറ്റ് നിയന്ത്രണം ഏല്‍പ്പിച്ചു. സിംബാബ്‌വെയിലെ എല്ലാ കായിക സംഘടനകളുടെയും മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വിഭാഗമാണ് എസ്ആര്‍സി. ഐസിസി മുഴുവന്‍ സമയ അംഗത്വമുണ്ടെങ്കിലും രാജ്യത്തെ നിയമ പരിധിയില്‍ പെടുന്നതല്ല സെഡ്‌സി എന്ന ധാരണ തെറ്റാണെന്ന ആമുഖത്തോടെയായിരുന്നു എസ്ആര്‍സിയുടെ നടപടി. ജൂണ്‍ 17ന് റ്റവെന്‍ഗ്വ മുകുലാനിയെ സെഡ്‌സിയുടെ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുത്തതോടെയാണ് പ്രശ്‌നം തുടങ്ങിയത്.

 


ഒക്ടോബറില്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഐസിസി നിര്‍ദേശിച്ചു. സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്ത സെഡ്‌സി ഭാരവാഹികള്‍ ഇക്കാലയളവിനുള്ളില്‍ ഭരണത്തില്‍ തിരിച്ചെത്തണമെന്നും ഐസിസി നിര്‍ദേശിക്കുന്നു. നിലവില്‍ മൂന്ന് മത്സര ഏകദിന പരമ്പരയ്ക്കായി സിംബാബ്‌വെ ക്രിക്കറ്റ് ടീം അയര്‍ലന്‍ഡിലാണ്. വനിതാ ടീമിന് അയര്‍ലന്‍ഡ് പര്യടനം നടത്താന്‍ സാധിച്ചില്ല. ഐസിസി നടപടിയില്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ അടക്കമുള്ളവര്‍ നടുക്കം രേഖപ്പെടുത്തി. ഹൃദയഭേദകമെന്നാണ് അശ്വിന്‍ ഐസിസി നടപടിയെ വിശേഷിപ്പിച്ചത്. പ്രതിഷേധ സൂചകമായി സിംബാബ്‌വെയുടെ പാക് വംശജനായ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസ ക്രിക്കറ്റിനോട് വിടപറയുന്നതായി ട്വീറ്റ് ചെയ്തു. നിരവധി ആളുകളുടെ ഉപജീവനമാര്‍ഗമാണ് അവസാനിക്കുന്നതെന്നും റാസ ട്വിറ്ററിലൂടെ ആരോപിച്ചു. 12 ടെസ്റ്റും 97 ഏകദിനവും 32 ട്വന്റി–20യും സിംബാബ്‌വെയ്ക്കായി കളിച്ച താരമാണ് റാസ. പാക് പഞ്ചാബിലാണ് റാസയുടെ ജനനം.
വിലക്കേര്‍പ്പെടുത്തിയതോടെ തങ്ങളുടെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് സിംബാബ്‌വെ താരങ്ങള്‍.

 


നിരവധിയാളുകള്‍ക്ക് തൊഴില്‍ നഷ്ടമാകുന്നതോടെ ഒട്ടേറെ കുടുംബങ്ങളെയും ഈ തീരുമാനം ബാധിക്കും. രാജ്യാന്തര ക്രിക്കറ്റിനോട് ഇത്തരത്തില്‍ വിടപറയാനല്ല ഉദ്ദേശിച്ചിരുന്നതെന്നും റാസ വ്യക്തമാക്കി. ഹൃദയഭേദകമെന്നാണ് സിംബാബ്‌വെ മുന്‍ താരം ബ്രണ്ടന്‍ ടെയ്ലര്‍ ട്വീറ്റ് ചെയ്തത്.

 


സിംബാബ്‌വെ ക്രിക്കറ്റിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തതോടെ ബിസിസിഐയും കുരുക്കില്‍. 2020 ജനുവരിയില്‍ സിംബാബ്‌വെ ഇന്ത്യന്‍ പര്യടനം നടത്താനിരിക്കേയാണ് സസ്‌പെന്‍ഷന്‍. മൂന്ന് മത്സര ട്വന്റി–20 പരമ്പരയാണ് ജനുവരിയില്‍ നടക്കേണ്ടത്. ഒക്ടോബറില്‍ പൂര്‍വ സ്ഥിതിയില്‍ എത്തണമെന്നാണ് ഐസിസി സിംബാബ്‌വെ ക്രിക്കറ്റിനു നല്കിയിരിക്കുന്ന അന്ത്യശാസനം. ഒക്ടോബറില്‍ ഐസിസിയുടെ ത്രൈമാസ യോഗം നടക്കും. സിംബാബ്‌വെ ഇന്ത്യയില്‍ പര്യടനം നടത്തുമോ എന്ന് അന്നേ വ്യക്തമാകൂ.

 

OTHER SECTIONS