ഭീകരരെ നേരിടാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്രമനുഷ്യരും

By Anju N P.12 Aug, 2017

imran-azhar

 


ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ഭീകരരെ നേരിടാന്‍ സൈനികര്‍ക്കൊപ്പം ഇനി യന്ത്രമനുഷ്യരും. തദ്ദേശീയമായി നിര്‍മിക്കുന്ന ഈ റോബോട്ടുകള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും എത്തിക്കാനും സൈനികരെ സഹായിക്കാനും ശേഷിയുള്ളവയായിരിക്കും.

 

544 റോബോട്ടുകള്‍ നിര്‍മിക്കാനുള്ള പദ്ധതി രൂപരേഖയ്ക്ക് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. സൈനിക രംഗത്ത് പുതിയ സാങ്കേതിക വിദ്യകള്‍ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള തുടക്കമാണിതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. വനപ്രദേശങ്ങളില്‍നിന്ന് നഗരങ്ങളിലേയ്ക്കും ഭീകരപ്രവര്‍ത്തനം വ്യാപിച്ച സാഹചര്യത്തിലാണ് നീരീക്ഷണത്തിനും സുരക്ഷയ്ക്കുമായി റോബോട്ടുകളുടെ സഹായം തേടുന്നത്.

 

പ്രധാനമായും രാഷ്ട്രീയ റൈഫിള്‍സിനാണ് റോബോട്ടുകളുടെ സഹായം കൂടുതലായി ഉപയോഗപ്പെടുത്താനാവുക. ഭീകര സ്വാധീനമുള്ള മേഖലകളില്‍ സൈന്യം നേരിട്ട് ഇടപെടുന്നതിനു മുന്‍പുതന്നെ സാഹചര്യങ്ങളെക്കുറിച്ച് തല്‍സമയം വിവരങ്ങള്‍ നല്‍കുന്നതിന് ഈ റോബോട്ടുകളെ ഉപയോഗിക്കാനാവും.

 

ഇരുനൂറ് മീറ്റര്‍ ദൂരത്തുവെച്ചുതന്നെ നിയന്ത്രിക്കാനും വിവരങ്ങള്‍ കൈമാറാനും സാധിക്കുന്ന റോബോട്ടുകളില്‍ കാമറകളും പ്രസരണ സംവിധാനങ്ങളുമുണ്ടാകും. ഏറ്റുമുട്ടലുകള്‍ നടക്കുമ്പോള്‍ സൈനികര്‍ക്ക് ആവശ്യമായ അയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ചു നല്‍കുന്നതിനും ഇവയെ ഉപയോഗിക്കാനാവും. ഇന്ത്യന്‍ നിര്‍മാതാക്കളുമായി മാത്രമായിരിക്കും റോബോട്ടിന്റെ നിര്‍മാണത്തിനാവശ്യമായ കരാറുകളില്‍ ഏര്‍പ്പെടുക.

 

റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാനാകുന്ന 'ദക്ഷ്' എന്ന വാഹനം സൈന്യം ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. സ്ഫോടകവസ്തുക്കള്‍ കൊണ്ടുപോകുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. 20 കിലോഗ്രാം വരെ വഹിക്കാനും പടിക്കെട്ടുകള്‍ കയറാനും സാധിക്കുന്നതാണ് ഇത്. മൂന്നു മണിക്കൂര്‍ വരെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന 'ദക്ഷ്' 500 മീറ്റര്‍ ദൂരെ നിന്നുവരെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും. ഡിഫന്‍സന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ ആണ് ഇത് രൂപകല്‍പന ചെയ്തത്.