ആമസോണിനും ബെസോസിനും കനത്ത തകർച്ച 24 മണിക്കൂറിൽ കൈവിട്ടത് 15680.76 കോടി രൂപ

By santhisenanhs.02 05 2022

imran-azhar

 

ആമസോൺ സ്ഥാപകനും ലോകത്തെ രണ്ടാമത്തെ വലിയ ധനികനുമായ ജെഫ് ബെസോസിന്റെ ആസ്തിയിൽ കനത്ത ഇടിവ്. ഒറ്റ ദിവസം കുറവു വന്നിരിക്കുന്നത് 20.5 ബില്ല്യൻ ഡോളറാണെന്നാണ്, ഏകദേശം 15680.76 കോടി രൂപ റിപ്പോർട്ട്.

 

തകർച്ചയ്ക്കു ശേഷം അദ്ദേഹത്തിന്റെ വ്യക്തിഗത ധനം ഏകദേശം 148 ബില്ല്യൻ ഡോളറാണ്. ഇത് ലോകത്തെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിനേക്കാൾ ഏകദേശം 100 ബില്ല്യൻ ഡോളർ കുറവ് കാണിക്കുന്നു.

 

എന്നാൽ, അദ്ദേഹത്തിന്റെ ഇപ്പോഴത്തെ രണ്ടാം സ്ഥാനത്തിന് അല്ലെങ്കിൽ വെള്ളി മെഡലിന് ഇപ്പോൾ ഫ്രഞ്ച് ബിസിനസുകാരൻ ബേണഡ് ആർണോയിൽ നിന്ന് കനത്ത ഭീഷണിയുണ്ടെന്നു പറയുന്നു. അദ്ദേഹത്തിന് ഇപ്പോൾ 136 ബില്ല്യൻ ഡോളറാണ് ആസ്തി.

 

ബേണഡിന് പിന്നിലായി നാലാം സ്ഥാനത്ത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗെയ്റ്റ്‌സ് ആണ്. 125 ബില്ല്യൻ ഡോളർ ആണ് അദ്ദേഹത്തിന്റെ ആസ്തി. ബെസോസിന്റെ ആസ്തി അദ്ദേഹം സ്ഥാപിച്ച കമ്പനിയായ ആമസോണിന്റെ സൗഭാഗ്യവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു - അദ്ദേഹത്തിന് ആമസോണിൽ 9.81 ശതമാനം ഓഹരിയാണ് ഉള്ളത്.

 

ഇന്ത്യയിലും അമേരിക്കയിലും അടക്കം ലോകമെമ്പാടും കേസുകളിൽ പെട്ടുകിടക്കുകയാണ് ഓൺലൈൻ വ്യാപാര ഭീമൻ ആമസോൺ. കമ്പനിക്ക് ഈ വർഷം ആദ്യ പാദത്തിൽ വരുമാനത്തിൽ 3.8 ബില്ല്യൻ ഡോളറിന്റെ ഇടിവുണ്ടായി എന്ന വാർത്ത വന്നതോടെ കമ്പനിയുടെ ഓഹരി ഇടിയുകയായിരുന്നു.

 

കഴിഞ്ഞ ഏഴു വർഷത്തിനിടയിൽ ഉണ്ടായ ഏറ്റവും വലിയ തകർച്ചയാണിത്. കോവിഡും, യുക്രെയ്ൻ യുദ്ധവുമാണ്കമ്പനിയുടെ മോശം പ്രകടനത്തിനു കാരണമായി ആമസോൺ മേധാവി ആൻഡി ജാസി ചൂണ്ടിക്കാണിക്കുന്നത്.

 

അതേസമയം, ബെസോസ് ആമസോൺ മേധാവി സ്ഥാനം ഒഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുൻപാണ് തകർച്ച എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ആമസോൺ മേധാവിയായി ജാസി ചുമതല ഏൽക്കുന്നത് 2021 ജൂലൈ 5ന് ആണ്. പക്ഷേ, കമ്പനിയുടെ ഭാവിയെപ്പറ്റി തനിക്ക് ആത്മവിശ്വാസമാണ് ഉള്ളതെന്ന് ജാസി ഫോർബ്‌സിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.

 

ജാസിക്ക് ആമസോൺ ഈ വർഷം പ്രതിഫലമായി നൽകിയത് 212 ബില്ലൻ ഡോളറാണെന്നും യാഹു റിപ്പോർട്ടു ചെയ്യുന്നു. ഇതിൽ 212,701,169 ഡോളർ ഓഹരിയായാണ് നൽകിയത്.

 

നേർ വിപരീത ദിശയിലായിരുന്നു ഫെയ്‌സ്ബുക്കും മേധാവി മാർക്ക് സക്കർബർഗിന്റെയും പോക്ക്. തനിക്ക് ജീവിതത്തിൽ ഒരു ദിവസം നേടാനായതിൽ വച്ച് ഏറ്റവുമധികം ധനമാണ് സക്കർബർഗിന് ലഭിച്ചിരിക്കുന്നത് - 11 ബില്ല്യൻ ഡോളർ.

 

ഇതോടെ, ബ്ലൂംബർഗിന്റെ ബില്ല്യനയർമാരുടെ പട്ടികയിൽ 12-ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് സക്കർബർഗ്. മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ഓഹരി 17.6 ശതമാനം കുതിച്ചുയർന്നതാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്.

 

ലോകത്തെ ഏറ്റവും വലിയ ധനികനും ടെസ്‌ല, സ്‌പേസ്എക്‌സ്, ബോറിങ് തുടങ്ങി പല വമ്പൻ കമ്പനികളുടെയും മേധാവിയായ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങാൻ ശ്രമിച്ച് സമയം കളയേണ്ടിയിരുന്നില്ലെന്നുള്ള വിമർശനവും ഉയരുന്നു.

 

കേവലം ഒരു സമൂഹ മാധ്യമത്തിനു പിന്നാലെ പോകുമ്പോൾ അദ്ദേഹത്തിന്റെ വമ്പൻ പദ്ധതികൾക്കായി വനിയോഗിക്കപ്പെടേണ്ട സമയമാണ് നഷ്ടമാകുന്നത് എന്നാണ് വിമർശനം. മനുഷ്യരാശിയുടെ ഉന്നമനത്തിനായി ഏറ്റവും വലിയ സ്വപ്‌നങ്ങൾ കാണുന്ന ആളുകളിൽ ഓരാളായി അറിയപ്പെടുന്ന മസ്‌ക് ട്വിറ്റർ വാങ്ങാൻ പോകേണ്ടിയിരുന്നില്ലെന്നാണ് ഈ വാദം ഉയർത്തുന്നവർ പറയുന്നത്.

 

ട്വിറ്റർ വാങ്ങാനായി മസ്‌ക് 8.5 ബില്ല്യൻ ഡോളറിനുള്ള തന്റെ കൈവശമുള്ള ടെസ്‌ലയുടെ ഓഹരി വിൽക്കുന്നു എന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ട്വിറ്റർ വാങ്ങാൻ അദ്ദേഹം നൽകാമെന്നു പറഞ്ഞിരിക്കുന്ന 44 ബില്ല്യൻ ഡോളർ പണം എങ്ങനെയാണ് ഉണ്ടാക്കുക സംശയമുണ്ടായിരുന്നു. പുതിയ കണക്കുകൾ പ്രകാരം 13 ബില്ല്യൻ ഡോളർ അദ്ദേഹം ബാങ്കുകളിൽ നിന്ന് കടമെടുക്കും.

 

കൂടാതെ, 12.5 ടെസ്‌ല ഓഹികൾക്കു മേൽ 'മാർജിൻ ലോൺ' ആയി എടുക്കുമെന്നും, 21 ബില്ല്യൻ തന്റെ ആസ്തിയിൽ നിന്ന് നേരിട്ടു നൽകുമെന്നും പറയുന്നു. എന്നാൽ, അദ്ദേഹം 8.5 ബില്ല്യൻ ഡോളറിനുള്ള ഓഹരി വിറ്റാൽ മാർജിൻ ലോൺ തരപ്പെടുത്തുന്നതിൽ പ്രശ്‌നമുണ്ടാകുമോ എന്ന സംശയവും ഉന്നയിക്കപ്പെടുന്നു. ഇനി ഏകദേശം 146 ബില്ല്യൻ ഡോളർ വിലയ്ക്കുള്ള ഓഹരികളാണ് മസ്‌കിന് ടെസ്‌ലയിൽ ബാക്കിയുള്ളത്.

 

മസ്‌കിന് ട്വിറ്റർ നിലവിലുള്ള ട്വിറ്റർ ജോലിക്കാരെ വലിയ താത്പര്യമില്ലെന്നുള്ളത് ഒരു രഹസ്യമേയല്ല. അദ്ദേഹത്തിന് ട്വിറ്ററിലുള്ള ദശലക്ഷക്കണക്കിനു ഫോളോവർമാരിൽ ചിലർ തങ്ങൾക്ക് സമൂഹ മാധ്യമത്തിൽ ജോലി തരുമോ എന്നു ചോദിച്ച് ട്വീറ്റുകൾ നടത്തി തുടങ്ങിയെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു.

 

ഒരു കാലത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ടിരുന്ന വെബ് ബ്രൗസർ മൈക്രോസോഫ്റ്റിന്റേതായിരുന്നു-ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ. എന്നാൽ, ഗൂഗിൾ ക്രോമിന്റെ വരവോടെ ഇന്റർനെറ്റ് എക്‌സ്‌പ്ലോറർ തകർന്നു എന്നു മാത്രമല്ല, മൈക്രോസോഫ്റ്റ് പുതിയതായി ഇറക്കിയ എജ്ബ്രൗസറിനും ക്രോമിനെതിരെ മികവു കാട്ടാനായിട്ടില്ല. എന്നാൽ, അടുത്തിടെയായി മൈക്രോസോഫ്റ്റിന്റെ എജ് ബ്രൗസർ തരക്കേടില്ലാത്ത പുരോഗതി കൈവരിച്ചുവരുന്നുമുണ്ട്.

 

എജിലേക്ക് പുതിയ പുതിയ ഫീച്ചറുകൾ ചേർത്ത് ആളുകളെ ആകർഷിക്കുകയാണ് മൈക്രോസോഫ്റ്റ്. താമസിയാതെ എജിൽ ഒരു ഫ്രീ വിപിഎൻ നൽകുമെന്നാണ് കമ്പനി പറയുന്നത്. വിപിഎൻ ഇല്ലാതെ വെബ് ബ്രൗസിങ് നടത്തിയാൽ ഒരാളെക്കുറിച്ചുള്ള വിവരങ്ങൾ പല കമ്പനികൾക്കും ശേഖരിക്കാനാകും. എന്നാൽ, മൈക്രോസോഫ്റ്റിന്റെ വിപിഎൻ വളരെയധികം പരിമിതികൾ ഉള്ളതാണ്. പ്രതിമാസം 1ജിബി ഡേറ്റയ്ക്കുള്ള ബ്രൗസിങ്ങാണ് ഫ്രീയായി നൽകുക. അതും എജിൽ സൈൻ-ഇൻ ചെയ്താൽ.

 

ഇത് ഉപയോഗിക്കേണ്ടവർ എജിൽ സൈൻ-ഇൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. തുടർന്ന് 'സെറ്റിങ്‌സ് ആൻഡ് മോർ' കണ്ടെത്തുക. അവിടെ, സെക്യുവർ നെറ്റ്‌വർക്ക് ക്ലിക്കു ചെയ്യുക. അങ്ങനെ വിപിഎൻ ആക്ടിവേറ്റു ചെയ്യാം. എജ് ബ്രൗസർ ഒരു സെഷനു ശേഷം ക്ലോസു ചെയ്യുന്നതോടെ, വിപിഎന്നും പോകും. അടുത്ത സെഷനിൽ മേൽപ്പറഞ്ഞ നടപടിക്രമങ്ങൾ വഴി വീണ്ടും ആക്ടിവേറ്റു ചെയ്യണം. നിലവിൽ ഇത് ഒരു പ്രിവ്യൂ ആണ്. വരും ആഴ്ചകളിൽ എല്ലാവർക്കും ലഭിക്കും. മോസിലാ ഫയർഫോക്‌സിന് വിപിഎൻ ഉണ്ട്. പക്ഷേ, ആ സേവനം ഉപയോഗിക്കാൻ പണം നൽകണം.

 

സ്മാർട് ഫോൺ പ്രോസസർ നിർമാണത്തിൽ മുൻപനായ ക്വാൽകം ലാപ്‌ടോപ് പ്രോസസർ നിർമാണത്തിലേക്കും കാര്യമായി ശ്രദ്ധ തിരിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. ടോംസ് ഹാർഡ്‌വെയറിനു നൽകിയ അഭിമുഖത്തിലാണ് കമ്പനി മേധാവി ക്രിസ്റ്റിയൻ അമറോൺ ഭാവി പരിപാടി വെളിപ്പെടുത്തിയത്. 2023ൽ പുതിയ ഹൈ-എൻഡ് ലാപ് ടോപ് പ്രോസസറുകൾ പുറത്തിറക്കിയേക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇതാകട്ടെ, ആപ്പിളിന്റെ എം1 പ്രോസസറുകൾക്ക് വെല്ലുവിളി ഉയർത്തുന്നവ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS