മനുഷ്യ തലച്ചോറില്‍ ഘടിപ്പിക്കാന്‍ മസ്‌കിന്റെ ചിപ്പ് തയ്യാര്‍; അനുമതി തേടി

ബ്രെയിന്‍ ചിപ്പ് ഇന്റര്‍ഫേസ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച വയര്‍ലസ് ഉപകരണം ആറു മാസത്തിനുള്ളില്‍ തയ്യാറാകുമെന്നാണ് ടെസ്‌ല സിഇഒയുടെ പ്രഖ്യാപനം.

author-image
Shyma Mohan
New Update
മനുഷ്യ തലച്ചോറില്‍ ഘടിപ്പിക്കാന്‍ മസ്‌കിന്റെ ചിപ്പ് തയ്യാര്‍; അനുമതി തേടി

വാഷിംഗ്ടണ്‍: മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണങ്ങളിലായിരുന്നു ഇലോണ്‍ മസ്‌കിന്റെ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറാലിങ്ക്. ബ്രെയിന്‍ ചിപ്പ് ഇന്റര്‍ഫേസ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ച വയര്‍ലസ് ഉപകരണം ആറു മാസത്തിനുള്ളില്‍ തയ്യാറാകുമെന്നാണ് ടെസ്‌ല സിഇഒയുടെ പ്രഖ്യാപനം.

അനുമതിക്കായി അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് സമര്‍പ്പിച്ചുകഴിഞ്ഞതായും മസ്‌ക് അറിയിച്ചു. അനുമതി ലഭിക്കുകയാണെങ്കില്‍ അടുത്ത വര്‍ഷം മധ്യത്തോടെ ന്യൂറാലിങ്കിന്റെ ചിപ്പുകളും ഇലക്ട്രോഡുകളും മനുഷ്യരുടെ തലച്ചോറില്‍ ഘടിപ്പിച്ച് പരീക്ഷണം ആരംഭിക്കും.

മസ്തിഷ്‌ക ഇംപ്ലാന്റുകള്‍ മനുഷ്യരുടെ തലച്ചോറില്‍ ഘടിപ്പിച്ച് കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുമെന്നും വികലാംഗരെ വീണ്ടും നടക്കാനും ആശയവിനിമയം നടത്താനും പ്രാപ്തരാക്കുമെന്നാണ് അവകാശവാദം ഉന്നയിക്കുന്നത്. രോഗിയുടെ തലയോട്ടിയിലൂടെ തലച്ചോറിലേക്ക് ത്രെഡ് ചെയ്യപ്പെടുന്ന മൈക്രോചിപ്പും വയറുകളും അടങ്ങുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്നത്. കമ്പ്യൂട്ടറോ, മൊബൈല്‍ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ച് മസ്തിഷ്‌ക പ്രവര്‍ത്തനത്തെ നേരിട്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിക്കുന്നത്. നാണയത്തിന്റെ വലിപ്പമുള്ള ഉപകരണത്തിന് ലിങ്ക് എന്ന പേരാണിട്ടിരിക്കുന്നത്.

ന്യൂറാലിങ്ക് എന്ന തന്റെ സ്വപ്‌നത്തെക്കുറിച്ച് ഇലോണ്‍ മസ്‌ക് തുറന്നുപറഞ്ഞപ്പോള്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇംപ്ലാന്റുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി ഗവേഷകര്‍ കുരങ്ങുകളെ ദുരിതമനുഭവിപ്പിക്കുന്നതായി കാണിച്ച് മൃഗസ്‌നേഹികള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ 2021ല്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ഒരു കുരങ്ങ് ജോയിസ്റ്റിക്ക് ഉപയോഗിക്കാതെ പിന്‍ബോള്‍ കളിക്കുന്ന വീഡിയോ ന്യൂറാലിങ്ക് പങ്കുവെച്ചിരുന്നു.

 

elon-musk Neuralink