ഗൂഗിള്‍ ഇന്ത്യയുടെ പോളിസി ഹെഡ് അര്‍ച്ചന ഗുലാത്തി രാജിവെച്ചു

By Shyma Mohan.27 09 2022

imran-azhar

 


ന്യൂഡല്‍ഹി: ഗൂഗിള്‍ ഇന്ത്യയുടെ ഗവണ്‍മെന്റ് അഫയേഴ്‌സ് ആന്റ് പബ്ലിക് പോളിസി ഹെഡ് അര്‍ച്ചന ഗുലാത്തി രാജിവെച്ചു. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ജോലി ഉപേക്ഷിച്ച് അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് അര്‍ച്ചന ടെക് ഭീമനില്‍ ചേര്‍ന്നത്.

 

അതേസമയം രാജി വിഷയത്തില്‍ അര്‍ച്ചന ഗുലാത്തിയും ഗൂഗിളും പ്രതികരിച്ചിട്ടില്ല. രാജിവെക്കാനുള്ള കാരണം അറിവായിട്ടില്ല. ഗൂഗിള്‍ ഇന്ത്യയില്‍ വിശ്വാസവിരുദ്ധ കേസുകളും കര്‍ശനമായ സാങ്കേതിക - മേഖലാ നിയന്ത്രണങ്ങളും നേരിടുന്ന സമയത്താണ് രാജി.

 

സാമ്പത്തിക ശാസ്ത്ര ബിരുദധാരിയും ഡല്‍ഹി ഐഐടിയില്‍ നിന്ന് പിഎച്ച്ഡി നേടിയിട്ടുമുള്ള അര്‍ച്ചന ഗൂഗിള്‍ ഇന്ത്യയില്‍ ചേരുന്നതിന് മുന്‍പ് കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തെക്കുറിച്ച് ഉപദേശിക്കുന്ന സര്‍ക്കാര്‍ തിങ്ക് ടാങ്കായ നിതി ആയോഗില്‍(ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ്) ജോയിന്റ് സെക്രട്ടറിയായിരുന്നു.

 

വിആര്‍എസ് എടുക്കും മുന്‍പ് 2019 ഓഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് വരെ നിതി ആയോഗില്‍ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ പോളിസി കാര്യങ്ങള്‍ നോക്കുകയായിരുന്നു ഗുലാത്തി. ഒരുവര്‍ഷക്കാലം ഫ്രീലാന്‍സ് ചെയ്യുകയും ഈ വര്‍ഷം മെയ് മാസത്തില്‍ ഗൂഗിളില്‍ ചേരുകയും ചെയ്തു.

 

2017 മെയ് മുതല്‍ 2019 ഓഗസ്റ്റ് വരെ ടെലികോം സെക്രട്ടറിയുടെ ഓഫീസില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

OTHER SECTIONS