രോഗിക്ക് അരികിലെത്തും ഇവന്‍; റോബോട്ടിക് മാജിക്കുമായി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍

By online desk .16 10 2020

imran-azhar

 

 

തിരുവനന്തപുരം: കോവിഡ് രോഗിയുടെ സമീപത്തെത്തി വിവരങ്ങള്‍ ശേഖരിച്ച് ഡോക്ടര്‍മാരിലേക്കെത്തിക്കുന്ന റോബോട്ടുമായി തിരുവനന്തപുരം ഗവ.എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. എംടെക് റോബോട്ടിക്‌സ് ആന്റ് ഓട്ടോമേഷന്‍ 2018-20 വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഓട്ടോണമസ് നാവിഗേഷന്‍ സംവിധാനമുള്ള കോവിഡ് കെയര്‍ റോബോട്ട് കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് കൈമാറി. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസ് ഏറ്റുവാങ്ങി. അദ്ധ്യാപിക ഡോ.ശ്രീജയുടെ നേതൃത്വത്തില്‍ റോബോട്ടിക്‌സ് വിദ്യാര്‍ത്ഥികളായ സഞ്ജുന മറിയം മാത്യൂസ് (ടീം ലീഡര്‍), എം.അജ്മല്‍, കെ.ഹരികൃഷ്ണന്‍, റോജിന്‍ ഫിലിപ്പ് റെജി, അരുണ്‍ ശങ്കര്‍ എന്നിവരാണ് കോവിഡ് കെയര്‍ റോബോട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 

 

ഡോ.രഞ്ജിത്ത്.എസ്.കുമാര്‍, മെഡിക്കല്‍ കോളേജ് എ.ആര്‍.എം.ഒ ഡോ.ഷിജു മജീദ് എന്നിവരുടെ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ പരിശ്രമത്തിന് മുതല്‍ക്കൂട്ടായി. തിരക്കേറിയ സമയത്ത് റോബോട്ടിന് രോഗിയുടെ അടുത്തെത്താന്‍ ജോയ്സ്റ്റിക്ക് നിയന്ത്രണത്തിലൂടെ കഴിയും. തിരക്കില്ലാത്ത സമയങ്ങളില്‍ റോബോട്ട് സ്വയം വഴി തിരഞ്ഞെടുക്കുന്ന ഓട്ടോണമസ് നാവിഗേഷന്‍ ഉപയോഗിക്കാം. ഡോക്ടര്‍ക്ക് ടെലി മെഡിസിന്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍ റോബോട്ടിലെ ടാബുമായി ബന്ധപ്പെടുകയും വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയും ചെയ്യാം. റോബോട്ടിനെ ഒപിയിലും ആശുപത്രി വാര്‍ഡിലും ഉപയോഗപ്പെടുത്താവുന്നതാണ്. ഇതോടൊപ്പം കൈ കാണിക്കുമ്പോള്‍ തന്നെ സാനിറ്റൈസര്‍ കൈക്കുമ്പിളിലേയ്ക്ക് വീഴുന്ന നോണ്‍ കോണ്ടാക്ട് സാനിറ്റൈസിംഗ് സംവിധാനവും റോബോട്ടിലുണ്ട്.


ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം ആയ റോബോട്ടില്‍ ഡൈനാമിക് ഒബ്സ്റ്റക്കിള്‍ അവോയ്ഡന്‍സ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രോഗികള്‍ക്കരികിലേയ്ക്ക് 40 കിലോ വരെയുള്ള സാധനങ്ങളും ഈ റോബോട്ടിലുള്ള ട്രേയിലൂടെ എത്തിക്കാനാകും.

 

 

 

 

 

OTHER SECTIONS