/kalakaumudi/media/post_banners/053e9a72264eca834eee27b4275d38198f06b739fe8c27485c7bf6ee8303b92b.jpg)
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രധാനമന്ത്രി അവതരിപ്പിച്ചതിന് പിന്നാലെ പുതിയ പ്രഖ്യാപനവുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി രംഗത്ത്. ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2022 ഈവന്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ ഔദ്യോഗികമായി അവതരിപ്പിച്ചത്.
2023 ഡിസംബറോടെ ജിയോയുടെ 'യഥാര്‍ത്ഥ' 5ജി സേവനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചു. തുടക്കത്തില്‍ കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ, ചെന്നൈ എന്നീ നാല് നഗരങ്ങളിലാണ് ജിയോ 5ജി സേവനങ്ങള്‍ ലഭ്യമാകുക. ദീപാവലിയോടെ ഇവിടെ 5ജി സേവനങ്ങള്‍ ലഭ്യമാകുമെന്നും അംബാനി അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിന്‍ ആന്റ് മെറ്റാവേര്‍സ് തുടങ്ങിയ 21ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതിക വിദ്യകളുടെ മുഴുവന്‍ സാധ്യതകളും അണ്‍ലോക്ക് ചെയ്യുന്ന അടിസ്ഥാന സാങ്കേതികവിദ്യയാണിത്.
5ജിയും 5ജി പ്രാപ്തമാക്കിയ ഡിജിറ്റല്‍ സൊല്യൂഷനുകളും താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ വിദ്യഭ്യാസവും നൈപുണ്യ വികസനവും സാധാരണ ഇന്ത്യക്കാര്‍ക്ക് ലഭ്യമാക്കും. ഇത് യുവാക്കളെ അവരുടെ മുഴുവന്‍ കഴിവുകളും തിരിച്ചറിയാന്‍ സഹായിക്കുമെന്നും അതുവഴി യുവാക്കള്‍ക്ക് കൂടുതല്‍ സമ്പാദിക്കാനും ഇന്ത്യയെ ആഗോളതലത്തില്‍ മത്സരാധിഷ്ഠിതമാക്കാനും കഴിയുമെന്ന് മുകേഷ് അംബാനി പറഞ്ഞു.
അധിക നിക്ഷേപമില്ലാതെ നിലവിലുള്ള ആശുപത്രികളെ സ്മാര്‍ട്ട് ഹോസ്പിറ്റലുകളാക്കി മാറ്റുന്നതിലൂടെ ഗ്രാമീണ, വിദൂര പ്രദേശങ്ങളിലേക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം താങ്ങാനാവുന്ന ചെലവില്‍ 5ജിയിലൂടെ എത്തിക്കാന്‍ കഴിയുമെന്നും റിലയന്‍സ് മേധാവി പറഞ്ഞു. ഇത് ഇന്ത്യയില്‍ എവിടെയും മികച്ച ഡോക്ടര്‍മാരുടെ സേവനം ഡിജിറ്റലായി ലഭ്യമാക്കുകയും ഡയഗ്നോസ്റ്റിക്‌സിന്റെ വേഗതയും കൃത്യതയും മെച്ചപ്പെടുത്തുകയും തത്സമയ ക്ലിനിക്കല്‍ തീരുമാനം എടുക്കല്‍ പ്രാപ്തമാക്കുകയും ചെയ്യുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.