വാഷിങ്ടണ്‍: വാതക ചോര്‍ച്ച കണ്ടെത്താനും കൃഷിയിടങ്ങള്‍ നിരീക്ഷിക്കാനും 'റോബോഫ്‌ലൈ' കണ്ടുപിടിച്ചു. യുഎസിലെ വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഇന്ത്യന്‍ വംശജരുള്‍പ്പെട്ട ശാസ്ത്രസംഘമാണ് ഈച്ച റോബട്ടിന്റെ നിര്‍മാണത്തിന് പിന്നില്‍. കണ്ടാല്‍ ജീവനുള്ള ഒരു പ്രാണിയെ പോലെ ചിറകുകള്‍ അടിച്ചുകൊണ്ടാണ് നീങ്ങുന്നത്.
നിലവില്‍ ഈച്ച റോബട്ടുകള്‍ ഉണ്ടെങ്കിലും ഇവ പ്രവര്‍ത്തിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. ചെറിയ ശരീരത്തില്‍ ബാറ്ററികള്‍ ഘടിപ്പിക്കാന്‍ പ്രയാസമാണ്. ഇവയുടെ ശരീരത്തിലേക്ക് ഇലക്‌ട്രിക് വയര്‍ ബന്ധിച്ചാണ് ഊര്‍ജം എത്തിക്കുന്നത്. 'റോബോ ഫ്‌ലൈ' റോബട്ടുകളെ ഇങ്ങനെ ബന്ധിക്കേണ്ട കാര്യമില്ല. ലേസറില്‍ നിന്നാണ് ഇതിനു വേണ്ട ഊര്‍ജം ലഭ്യമാക്കുന്നത്. റോബട്ടിന്റെ വികസനം പ്രാരംഭ ഘട്ടത്തിലാണ്. ഇതിനെ പൂര്‍ണതയിലേക്ക് എത്തിക്കാൻ ഗവേഷകർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.