ഈ നെക്ലസ് കാഴ്ചയില്‍ മാത്രമല്ല പ്രവൃത്തിയിലും സൂപ്പറോ സൂപ്പര്‍

By Subha Lekshmi B R.03 Jun, 2017

imran-azhar

ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം ചെല്ലുന്തോറും ഏറി വരികയാണ്. ഇത് സിംഗപ്പൂര്‍ ആസ്ഥാനമായ കന്പനിക്കും മനസ്സിലായിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് ഇന്ത്യയില്‍ ചൂടപ്പം പോലെ വിറ്റുപോകാവുന്ന തരം നെക്ലസുമായി അവര്‍ എത്തിയിരിക്കുന്നത്.

സ്മാര്‍ട്ട്ഫോണുമായി ബ്ളൂടൂത്തിലൂടെ ബന്ധപ്പെടുത്താവുന്ന ഒരു സ്മാര്‍ട്ട് നെക്ലെസാണ് സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്ഫ്യൂചര്‍ എന്ന കന്പനി നിര്‍മ്മിച്ചിരിക്കുന്നത്. പ്രധാനമായും ഇന്ത്യയിലെ വിപണി ലക്ഷ്യമിട്ടു നിര്‍മിച്ചിരിക്കുന്ന ഈ നെക്ലെസിന്‍െറ പേര് ഐവി എന്നാണ്.

ഐവിയെ രണ്ടു തവണ ടാപ്പു ചെയ്താല്‍ ഉച്ചത്തില്‍ അലാം മുഴക്കും. മൂന്നു തവണ ടാപ്പു ചെയ്താല്‍ അപകടത്തിലാണെന്നു കാണിക്കുന്ന മെസേജ് ഓഡിയോയും ലൊക്കേഷനെക്കുറിച്ചുളളവിവരവും അടക്കം രക്ഷകര്‍ത്താക്കളുടെയോ സുഹൃത്തുക്കളുടെയോ ഫോണിലേക്ക് ആന്‍ഡ്രോയിഡ്, ഐഒഎസ് ഫോണുകളിലൂടെ അയയ്ക്കും. നാലു തവണ ടാപ്പു ചെയ്താല്‍ അപകട സമയത്തു വിളിക്കാന്‍ തിരഞ്ഞെടുത്തിട്ടുള്ള രക്ഷകര്‍ത്താവിന്‍െറ അല്ളെങ്കില്‍ സഹായിയുടെ ഫോണിലേക്ക് സ്വന്തം ഫോണില്‍ നിന്ന് കോളു പോകും.

ബാറ്ററിയിലാണ് ഈ സ്മാര്‍ട്ട് നെക്ലെസ് വര്‍ക്കു ചെയ്യുന്നത്. റീചാര്‍ജബിള്‍ ബാറ്ററിയല്ള എന്നതാണ് പരിമിതി. പുതിയ ബാറ്ററി ആറു മാസം വരെ ഉപയോഗിക്കാമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. ബ്ളൂടൂത്തിന് 120 അടി വരെ റെയ്ഞ്ച് ഉണ്ടെന്നും കന്പനി പറയുന്നു. അത്യാഹിത സമയത്ത് വിളിക്കേണ്ട കോണ്ടാക്ടുകളെ ഫീഡു ചെയ്യാന്‍ സ്മാര്‍ട്ട്ഫോണിലേക്ക് ഐവിയുടെ ആപ് ഡൌണ്‍ലോഡു ചെയ്ത്, ബ്ളൂടൂത്തിലുടെ നെക്ലെസുമായി ബന്ധം സ്ഥാപിക്കണം. ഐവി വാട്ടര്‍പ്രൂഫുമാണ്.


ഐവി നെക്ലെസ് കാഴ്ചയിലും മോശമല്ല. വെള്ളി ഫ്രെയിമില്‍ ക്യുബിക് സിര്‍കോണിയ കല്ള് പതിച്ചുണ്ടാക്കിയിരിക്കുന്ന സ്റ്റൈലന്‍ നെക്ലെസ് ആണിത്.

മുംബൈ പോലുള്ള വലിയ പട്ടണങ്ങളില്‍ പൊലീസിന്‍െറയും എന്‍ജിഒകളുടെയും സഹായത്തോടെ ജനങ്ങളിലേക്കെത്തിക്കാന്‍ ശ്രമം നടത്തുമെന്ന് കന്പനി വക്താവ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:https://getmyivy.com