/kalakaumudi/media/post_banners/523fbbe85ef42710033d933621a0f5cb0e772accedc67587da0b7af0f43d4075.jpg)
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ട്രേഡിംഗ് പ്ലാറ്റ്‌ഫോമിലെ ഗുരുതര ഡാറ്റാ ലംഘനം വെളിപ്പെടുത്തി കൊച്ചി ആസ്ഥാനമായ സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് കമ്പനിയായ ടെക്‌നിസാന്റ്. 3.4 ദശലക്ഷത്തിലധികം ഉപഭോക്താക്കളുടെ വിവരങ്ങൾ അപഹരിക്കപ്പെട്ടിട്ടുണ്ട്. പേര്, ഉപഭോക്തൃ ഐഡി, കോൺടാക്റ്റ് നമ്പർ, ഇമെയിൽ ഐഡി, ട്രേഡ് ലോഗിൻ ഐഡി, ബ്രാഞ്ച് ഐഡി, നഗരം, രാജ്യം എന്നിവ ഉൾപ്പെടുന്ന വ്യക്തിഗത തിരിച്ചറിയൽ വിവരങ്ങളാണ് (പിഐഐ) ചോർന്നിരിക്കുന്നത് . ടെക്നിസാന്റിന്റെ ഡിജിറ്റൽ റിസ്ക് മോണിറ്ററിംഗ് ടൂൾ ആയ ‘ഇന്റഗ്രിറ്റെ’ ആണ് സുരക്ഷാ ലംഘനം തിരിച്ചറിഞ്ഞത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ഒരു ഡാറ്റ ഷെയറിങ് പ്ലാറ്റ്ഫോമിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുകയായിരുന്നു . എന്നാൽ 2021 ജൂൺ 15 ന് ഈ വിവരങ്ങൾ പരസ്യമാക്കപ്പെടുകയും ഈ സംഭവം ടെക്നിസാന്റ് സിഇആർടി ക്ക് (CERT) റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
"ഈ സംഭവങ്ങൾ തീർച്ചയായും ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ സാമ്പത്തിക തട്ടിപ്പുകളുടെ സാധ്യത വർദ്ധിപ്പിക്കും. സൈബർ കുറ്റവാളികൾ ഡാറ്റാബേസിലെ ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് നിരവധി ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഓണ്ലൈനിലൂടെയും ഫോണിലൂടെയും പലതരം ഡാറ്റാ തട്ടിപ്പുകളും നടത്തുന്നുണ്ട്. ഇന്ത്യയിൽ ഡാറ്റാ സെക്യൂരിറ്റി അതോറിറ്റിയുടെ അഭാവം ഇത്തരം കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവിന് കാരണമാവുന്നുണ്ട് . നിരവധി ലംഘനങ്ങൾ തിരിച്ചറിയപ്പെട്ടിട്ടും , ഒരു റെഗുലേറ്ററി ബോഡിയുടെ നിലനിൽപ്പില്ലായ്മ ഒരേ ബ്രാൻഡിൽ തന്നെ ആവർത്തിച്ചുള്ള ഡാറ്റാ ലംഘനങ്ങൾക്ക് വഴിയൊരുക്കുന്നു ”, ടെക്‌നിസാന്റ് സ്ഥാപകനും സിഇഒ യുമായ നന്ദകിഷോർ ഹരികുമാർ അഭിപ്രായപ്പെട്ടു.