ഫെഡറല്‍ ബാങ്ക് എ.ടി.എമ്മില്‍ നടന്ന കവര്‍ച്ചാശ്രമം പൊളിച്ചത് കൊച്ചിക്കാരായ യുവാക്കളുടെ സാങ്കേതികവിദ്യ.

By Raji Mejo.13 Mar, 2018

imran-azhar

 


കൊച്ചി : കര്‍ണാടകയിലെ ഹാസനിലുള്ള ഫെഡറല്‍ബാങ്ക് എ.ടി.എമ്മില്‍ നടന്ന കവര്‍ച്ചാശ്രമം പൊളിച്ചത് കൊച്ചിക്കാരായ യുവാക്കളുടെ സാങ്കേതികവിദ്യ. മൂന്ന് കവര്‍ച്ചക്കാര്‍ ഹാസനിലെ എ.ടി.എമ്മില്‍ കയറി മെഷീന്‍ തകര്‍ക്കാന്‍ ശ്രമിച്ച നിമിഷം സൈറണ്‍ മുഴങ്ങുകയും തൊട്ടടുത്ത പൊലീസ്‌ േസ്റ്റഷനിലേക്കും ഫെഡറല്‍ ബാങ്ക് ശാഖകളിലേക്കും ഓട്ടമാറ്റിക്കായി അപായസന്ദേശമെത്തുകയും ചെയ്തു. ഇതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിച്ചു രക്ഷപ്പെട്ടു.
കൊച്ചിക്കാരായ യുവ എഞ്ചിനീയര്‍മാര്‍ നേതൃത്വം നല്‍കുന്ന വിയുഇ ലോജിക്‌സ് എന്ന കമ്പനിയുടെ റിമോട്ട് മോണിട്ടറിങ് സംവിധാനമാണ് മോഷണശ്രമം സെക്കന്റുകള്‍ക്കകം പൊലീസിനെ അറിയിച്ചത്. ഫെഡറല്‍ ബാങ്കിന്റെ ഏതാണ്ട് എല്ലാ എ.ടി.എമ്മുകളിലും ഇപ്പോള്‍ വി.യു.ഇ ലോജിക്‌സിന്റെ വിദൂരനിയന്ത്രിത സുരക്ഷാസംവിധാനത്തിന് കീഴിലാണ്.
മോഷണശ്രമം, എ.ടി.എമ്മില്‍ പണമെടുക്കാന്‍ എത്തുന്നവര്‍ക്കു നേരേ നടക്കുന്ന ആക്രമണങ്ങള്‍ എന്നിവയെല്ലാം തടയാന്‍ ഈ സംവിധാനത്തിലൂടെ കഴിയും. നിയമം ലംഘിച്ച് ഹെല്‍മറ്റ് ധരിച്ച് ഒരാള്‍ എ.ടി.എമ്മില്‍ കടന്നാല്‍ പ്പോലും ആ വിവരം ഉടന്‍ ബാങ്കിനേയും പൊലീസിനേയും അറിയിക്കാന്‍ തക്കവിധം ശക്തമാണ് ഈ സെക്യൂരിറ്റി സിസ്റ്റം. ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ എല്ലാ എ.ടി.എമ്മുകളും ഈ സെക്യൂരിറ്റി സിസ്റ്റം ഉപയോഗിച്ച് ആലുവയിലുള്ള ഫെഡറല്ബാങ്ക് ഓഫിസില്‍ 24 മണിക്കൂറും നിരീക്ഷിക്കപ്പെടുന്നുണ്ട്.
എന്‍ജിനിയറിങ് പഠനശേഷം കൊച്ചിക്കാരന്‍ ആസിഫ് മൂപ്പന്റെ തലയിലുദിച്ച ആശയമാണ് എ.ടി.എമ്മുകളുടെ സുരക്ഷാപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന ടെക്‌നോളജി എന്നത്. ഇതിനായി ഒരുസംഘം ചെറുപ്പക്കാരെ അദ്ദേഹം ഒപ്പംകൂട്ടി. അങ്ങനെ കൊച്ചിയില്‍ 2013ല്‍ വിയുഇ ലോജിക്‌സ് കമ്പനി തുടങ്ങി. അഞ്ചു ചെറുപ്പക്കാരുടെ സ്വപ്നത്തില്‍ രണ്ടു ലക്ഷം രൂപ മൂലധനത്തില്‍ തുടങ്ങിയ കമ്പനിയില്‍ ഇന്ന് അമ്പത് എഞ്ചിനീയര്മാരുണ്ട്. ഇന്ത്യയിലെ എട്ടു ബാങ്കുകളുടെ മൂവായിരത്തിലേറെ എടിഎമ്മുകളുടെ സുരക്ഷാചുമതല ഇപ്പോള്‍ ഈ കമ്പനിക്കാണ്.

അമേരിക്ക, കൊളംബിയ, ഇറ്റലി, ചിലെ എന്നീ രാജ്യങ്ങളിലും വി.യു.ഇ ലോജിക്‌സ് സുരക്ഷാസിസ്റ്റം ഉപയോഗിക്കുന്നു. ആസിഫ് മൂപ്പനൊപ്പം റഹൂഫ്, സുനില്‍യൂസഫ്, സുനില്‍വെങ്കേശ്വര, സുരേഷ്‌കുമാര്‍, ജിജു ഇബ്രാഹിം എന്നിവരാണ് കമ്പനിയെ നയിക്കുന്നത്.

 

OTHER SECTIONS