പക്ഷി ലോഗോ ഉള്‍പ്പടെ ട്വിറ്ററിലെ 'പുരാവസ്തുക്കള്‍' ലേലത്തിനു വെക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

കോഫി ടേബിളുകള്‍, ഓയില്‍ പെയിന്റിങുകള്‍, കസേരകള്‍, ഡിജെ ബൂത്ത്, സംഗീത ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയും ലേലത്തിനുണ്ട്.

author-image
Greeshma Rakesh
New Update
പക്ഷി ലോഗോ ഉള്‍പ്പടെ ട്വിറ്ററിലെ 'പുരാവസ്തുക്കള്‍' ലേലത്തിനു വെക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്

 

സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ ആസ്ഥാന കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ലോഗോ ഉള്‍പ്പെട കെട്ടിടത്തിലെ മറ്റു പഴയ വസ്തുക്കളും ലേലത്തിന് വെക്കാനൊരുങ്ങി ഇലോണ്‍ മസ്‌ക്. ആഴ്ചകള്‍ക്ക് മുമ്പാണ് ട്വിറ്ററെന്ന പേര് മാറ്റി പകരം 'എക്സ്' എന്നാക്കിയത്. പേരിനൊപ്പം ട്വിറ്ററിന്റെ പഴയ ലോഗോയും മാറ്റി. കെട്ടിടത്തില്‍ ട്വിറ്ററിന്റെ ബ്രാന്റിങിനായി ഉപയോഗിച്ച വലിയ സൈന്‍ ബോര്‍ഡ് നീക്കം ചെയ്തു.

 

കോഫി ടേബിളുകള്‍, ഓയില്‍ പെയിന്റിങുകള്‍, കസേരകള്‍, ഡിജെ ബൂത്ത്, സംഗീത ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ളവയും ലേലത്തിനുണ്ട്. ട്വിറ്റര്‍ വാങ്ങിയതിന് ശേഷം കമ്പനിയിലെ പകുതിയിലേറെ ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെ സ്ഥാപനത്തിലെ അടുക്കള ഉപകരണങ്ങളും ജീവനക്കാര്‍ ഉപയോഗിച്ചിരുന്ന കസേരകള്‍ മേശകള്‍ ഉള്‍പ്പടെയുള്ളവയും നേരത്തെ തന്നെ വില്‍പനയ്ക്ക് വെച്ചിരുന്നു.

 

അതേസമയം ലേലത്തിന് വെച്ച ട്വിറ്ററിന്റെ പഴയ ലോഗോ ഇപ്പോഴും കെട്ടിടത്തിന് മുകളിലുണ്ട്. ലേലം ചെയ്തെടുക്കുന്നയാള്‍ക്ക് ഇത് അഴിച്ചെടുത്ത് കൊണ്ടുപോവാം. കഴിഞ്ഞമാസം കമ്പനി തന്നെ ഇത് അഴിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ് തടഞ്ഞിരുന്നു. അതിന് ശേഷം ബാക്കിയുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തിരുന്നില്ല.

 

 

ട്വിറ്ററില്‍ വൈറലായ രണ്ട് ഫോട്ടോകളുടെ ഓയില്‍ പെയിന്റ് ചിത്രങ്ങള്‍ ലേലത്തിന് വെച്ചിട്ടുണ്ട് ഇതില്‍ ഒന്ന് 2014 ലെ അക്കാദമി അവാര്‍ഡ് നിശയ്ക്കിടെ എല്ലന്‍ ഡിജെനെറെസ് സെലിബ്രിട്ടികള്‍ക്കൊപ്പം എടുത്ത സെല്‍ഫിയാണ്. 2012 ല്‍ ബരാക്ക് ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട സമയത്ത് എടുത്ത ചിത്രമാണ് രണ്ടാമത്തേത്. അന്ന് ട്വിറ്ററില്‍ ഏറ്റവും ലൈക്ക് നേടിയ ട്വീറ്റായിരുന്നു ഇത്.രണ്ട് ദിവസം നീളുന്ന ലേലം സെപ്റ്റംബര്‍ 12 നാണ് ആരംഭിക്കുക.

twitter elon-musk Technology News