ആറ് മിസ് കോളുകള്‍; സിം സ്വാപ് തട്ടിപ്പിലൂടെ മുംബൈ ബിസിനസ്സുകാരന് നഷ്ടമായത് രണ്ടുകോടിയോളം രൂപ

By anju.04 01 2019

imran-azhar

മുംബൈ: സിം കാര്‍ഡ് തട്ടിപ്പിലൂടെ മുംബൈ വസ്ത്ര വ്യാപാരിക്ക് നഷ്ടമായത് 1.86 കോടി രൂപ. സംഭവത്തില്‍ മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 27ന് രാത്രി 11.45നും പുലര്‍ച്ചെ 1.59നും ഇടയില്‍ വന്ന 6 മിസ്ഡ് കോളുകളാണ് ഈ തട്ടിപ്പിന് കാരണമായത്. സൈബര്‍ വിദഗ്ദര്‍ 'സിം സ്വാപ്പ്' എന്ന് വിളിക്കുന്ന തട്ടിപ്പ് രീതിയാണ് ഇവിടെ ഉപയോഗിക്കപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. ഒരു വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ് കാര്‍ഡ് നമ്പറുകളും മറ്റു വ്യക്തിഗത വിവരങ്ങളും സ്വന്തമാക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്ന ആധുനികവും സാങ്കേതികമായി ഏറെ മുന്നിട്ടു നില്‍ക്കുന്നതുമായ വിദ്യയാണ് സിം സ്വാപെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 


മറ്റുള്ള സൈബര്‍ ക്രൈമുകളില്‍ നിന്ന് വ്യത്യസ്തവും പിടികൂടാന്‍ ബുദ്ധിമുട്ടുള്ളതുമാണ് സിം സ്വാപ്പ് എന്നാണ് വിദഗ്ദര്‍ പറയുന്നത്. സാങ്കേതികമായി ഏറെ ശക്തമായ ഈ രീതിയില്‍ ബാങ്ക് അക്കൗണ്ടും ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളിലും ഹാക്കര്‍ നുഴഞ്ഞു കയറുന്നതിനാല്‍ ഇരകള്‍ക്ക് ഉണ്ടാകുന്ന നഷ്ടം വലിയതായിരിക്കും.

 

ആറ് മിസ്‌കോളുകള്‍ തുടര്‍ച്ചയായി ഉണ്ടായതോടെ തനിക്ക് സംശയങ്ങള്‍ ഉണ്ടായതായി പണം നഷ്ടമായ വ്യാപാരി പറയുന്നു. തുടര്‍ന്ന് തന്റെ ഫോണ്‍ പ്രവര്‍ത്തിക്കാതായതോടെ ഇദ്ദേഹം കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹത്തിന്റെ തന്നെ നിര്‍ദേശപ്രകാരം സിം ബ്ലോക്ക് ചെയ്തായാണ് അവിടുന്ന് ലഭിച്ച മറുപടി. തലേ ദിവസം രാത്രി തന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യാനായി ഈ ബിസിനസുകാരന്റെ അക്കൗണ്ടില്‍ നിന്ന് ലഭിച്ച റിക്വസ്റ്റിന്റെ തെളിവുകളും ഇവര്‍ കൊടുത്തു.

 

പിറ്റേ ദിവസം തന്നെ ഈ നമ്പറില്‍ പുതിയ സിം കമ്പനി നല്‍കി എന്നറിഞ്ഞതോടെ തട്ടിപ്പ് നടന്നതായി മനസ്സിലാവുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു പണമിടപാടിനായി തന്റെ സ്ഥാപനത്തിലെ ഒരു ജീവനക്കാരന്‍ ബാങ്കിലെത്തിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. അക്കൗണ്ടില്‍ പണമില്ലെന്നായിരുന്നു ബാങ്ക് അധികൃതരുടെ മറുപടി. ഏകദേശം 15 വ്യത്യസ്ത അക്കൗണ്ടുകളിലേക്കായി 28 തവണയായാണ് പണമിടപാടു നടത്തിയിരുന്നത്.

 

1.86 കോടി രൂപ നഷ്ടപ്പെട്ടതായുള്ള വ്യാപാരിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചതായും പോലീസ് അന്വേഷണം ആരംഭിച്ചതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അക്ബര്‍ പത്താന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. മോഷ്ടാക്കള്‍ക്ക് പരാതിക്കാരന്റെ ബാങ്ക് വിവരങ്ങളും മൊബൈല്‍ വിവരങ്ങളും കൈക്കലാക്കാന്‍ കഴിഞ്ഞു. ആര്‍ക്കെങ്കിലും തങ്ങളുടെ അറിവോടു കൂടിയല്ലാതെ സിം ബ്ലോക്ക് ആവുകയാണെങ്കില്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS