6ജി വികസിപ്പിക്കുന്നെന്ന് വാവെയ്; 5ജി യിലും 6ജി യിലും സമാന്തര ഗവേഷണം കമ്പനി തുടങ്ങി

ബീജിങ് : ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 5ജി സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങളിലേക്ക് കടക്കാനൊരുങ്ങവെ 6ജി സാങ്കേതിക വിദ്യയുടെ സൂചനകള്‍ നല്‍കി ചൈനീസ് ടെലികോം വമ്പനായ വാവെയ്.

author-image
online desk
New Update
6ജി വികസിപ്പിക്കുന്നെന്ന് വാവെയ്; 5ജി യിലും 6ജി യിലും സമാന്തര ഗവേഷണം കമ്പനി തുടങ്ങി

ബീജിങ് : ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 5ജി സാങ്കേതികവിദ്യയുടെ പരീക്ഷണങ്ങളിലേക്ക് കടക്കാനൊരുങ്ങവെ 6ജി സാങ്കേതിക വിദ്യയുടെ സൂചനകള്‍ നല്‍കി ചൈനീസ് ടെലികോം വമ്പനായ വാവെയ്. 6ജി സാങ്കേതികവിദ്യ വികസനത്തിനായുള്ള ഗവേഷണങ്ങള്‍ വളരെ മുന്‍പ് തന്നെ ആരംഭിച്ചെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ റെന്‍ ഷെംഗ്‌ഫെയ് പറഞ്ഞു.

വാവെയ് 5ജിയിലും 6ജിയിലും ഒരേ സമയം ഗവേഷണം നടത്തികൊണ്ടിരിക്കുകയാണെന്നും എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ ഒരുപാട് ഘട്ടങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ഷെംഗ്‌ഫെയ്.

6ജി സാങ്കേതികവിദ്യ യാഥാര്‍ത്ഥ്യമാകുന്നതിന് മുന്‍പ് മറ്റ് പല കാര്യങ്ങളും സംഭവ്യമാക്കേണ്ടതുണ്ട്. ഏതു പുതിയ മൊബീല്‍ നെറ്റ്‌വര്‍ക്ക് തലമുറയ്ക്കുവേണ്ടിയും വ്യാവസായിക അടിസ്ഥാനം തീരുമാനിക്കേണ്ടതുണ്ട്. ഇതിന് വര്‍ഷങ്ങള്‍ സമയമെടുക്കും-ഷെംഗ്‌ഫെയ് പറഞ്ഞു. 6ജി സാങ്കേതികവിദ്യ യാഥാര്‍ഥ്യമാകാന്‍ പത്ത് വര്‍ഷമെങ്കിലും എടുക്കുമെന്നാണ് കണക്കാക്കുന്നത്. 6ജിയുടെ ആവശ്യകത എത്രമാത്രമുണ്ടാവുമെന്ന് വ്യക്തമല്ലെന്നുള്ളതാണ് മറ്റൊരു പ്രശ്‌നമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5ജി സാങ്കേതികവിദ്യതന്നെ ആഗോളതലത്തില്‍ ശൈശവദശയില്‍ തുടരുന്ന സമയത്താണ് റെന്‍ ഷെഗ്‌ഫെയുടെ അവകാശവാദം. അതിവേഗത ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന 5ജി, ഡ്രൈവര്‍ രഹിത കാറുകള്‍ പോലുള്ള പുതിയ ടെക്‌നോളജികളുടെ അടിസ്ഥാനമാകാനുള്ള ക്ഷമത വാഗ്ദാനം ചെയ്യുന്നു. ദക്ഷിണ കൊറിയയിലും ബ്രിട്ടിനിലും പടിപടിയായി 5ജി നടപ്പാക്കാനാരംഭിച്ചിട്ടുണ്ട്. ചൈനയില്‍ വൈകാതെ ജനങ്ങള്‍ക്ക് ലഭ്യമായിത്തുടങ്ങും. നിലവില്‍ 5ജി സാങ്കേതികവിദ്യയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന വാവെയ് വിപണി എതിരാളികളായ നോക്കിയ, എറിക്‌സണ്‍ എന്നിവരെ കടത്തിവെട്ടി ഇപ്പോള്‍ തന്നെ 50 ലധികം 5ജി വാണിജ്യ കരാറുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. ദേശീയ സുരക്ഷയ്ക്ക് ഭീക്ഷണിയാകും വിധം ചൈനീസ് ചാരന്‍മാരായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് യുഎസ് വാവെയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത് കമ്പനിയെ സമ്മര്‍ദത്തിലാക്കിയിരുന്നു. എന്നാല്‍ 6ജി അടക്കം വന്‍ പ്രഖ്യാപനങ്ങളിലൂടെ സ്ഥിതിഗതികള്‍ അനുകൂലമാക്കാനാണ് ശ്രമമെന്ന് വിലയിരുത്തപ്പെടുന്നു.

huawei developing 6G