ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാര്‍ട്ടപ് സമ്മേളനം 'ഹഡില്‍ കേരള' രണ്ടാം പതിപ്പ് തലസ്ഥാനത്ത്

By online desk.04 05 2019

imran-azhar

 

 

തിരുവനന്തപുരം: ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായി മാറിയ ഹഡില്‍ കേരളയുടെ രണ്ടാം പതിപ്പിന് സെപ്റ്റംബറില്‍ തലസ്ഥാനം വേദിയാകും. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ നേതൃത്വം നല്‍കുന്ന 'ഹഡില്‍ കേരള-2019' സെപ്റ്റംബര്‍ 27, 28 തീയതികളില്‍ കോവളം ലീല റാവിസ് ബീച്ച് റിസോര്‍ട്ടില്‍ നടക്കും. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ) യുടെ സഹകരണത്തോടെയാണ് ഹഡില്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നടന്ന ഹഡില്‍ ആദ്യ പതിപ്പില്‍ രണ്ടായിരം സ്റ്റാര്‍ട്ടപ്പുകളും മുപ്പതോളം പ്രഭാഷകരും, പതിനഞ്ച് നിക്ഷേപകരും പങ്കെടുത്തിരുന്നു. ഇതിലും വിപുലമായി സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് ടു ബിസിനസ് മീറ്റാക്കി മാറ്റുന്ന തരത്തിലായിരിക്കും ഇത്തവണത്തെ പങ്കാളിത്തം.


ധാരണാപത്രങ്ങളും കരാറുകളും ചര്‍ച്ചകളുമൊക്കെയായി രണ്ടു ദിവസം ലീല റാവിസ് റിസോര്‍ട്ടില്‍ രാപ്പകലില്ലാതെ നടക്കുന്ന സമ്മേളനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പ്പന്നങ്ങളും സേവനങ്ങളും അണിനിരത്തി മുന്നേറാനുള്ള മികച്ച വേദിയായി മാറും. ചര്‍ച്ചകള്‍ക്കായി കടല്‍തീരത്ത് ബീച്ച് ഹഡിലുകളും രാത്രിവരെ നീണ്ടു നില്‍ ക്കുന്ന പ്രദര്‍ശനങ്ങളുമുള്‍പ്പെടെ ഇടവേളകളില്ലാതെ തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഹഡില്‍ കേരള പരിപാടികള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സാങ്കേതിക മേഖലയിലെ പ്രമുഖരുടെ പ്രഭാഷണങ്ങള്‍, ബോട്ടുകളിലെ കൂട്ടായ്മകള്‍, നിക്ഷേപകരുമായും ഈ മേഖലയില്‍ സ്വാധീനമുള്ള വ്യക്തികളുമായി ആശയവിനിമയം തുടങ്ങി നൂതനമായ നിരവധി പരിപാടികളോടെ ആസൂത്രണം ചെയ്തിരിക്കുന്ന ഹഡിലിനെ രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ് സമ്മേളനമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.


സ്റ്റാര്‍ട്ടപ്പുകളെ തങ്ങളുടെ സംരംഭങ്ങളും ഉല്പന്നങ്ങളുമായി വിജയകരമായി മുന്നേറാന്‍ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ഈ മേഖലയിലെ വിപണി വിദഗ്ധര്‍, സ്ഥാപന മേധാവികള്‍, നിക്ഷേപകര്‍, സര്‍ക്കാരിലേതടക്കം നയകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വിദേശരാഷ്ട്രങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ എന്നിവരെയാണ് ഹഡില്‍ കേരള-19 ല്‍ അണിനിരത്തുന്നത്.


ഏറ്റവും മികച്ച സാങ്കേതിക വിദഗ്ധരും വിപണിനേതൃത്വവുമായിരിക്കും 'ഹഡില്‍ കേരള'യില്‍ പങ്കെടുക്കുന്നതെന്ന് സ്റ്റാര്‍ട്ടപ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. സംരംഭകര്‍ക്കായി മികച്ച ആശയവിനിമയ വേദികളുണ്ടാകും. വിപണിയിലെ പ്രമുഖര്‍ക്കു മുന്നില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കു ലഭിക്കുന്ന ഏറ്റവും മികച്ച വേദിയാകും ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്ലോക്ക്‌ചെയ്ന്‍, നിര്‍മിത ബുദ്ധി, ബിഗ് ഡേറ്റ, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ഡിജിറ്റല്‍ വിനോദമേഖല, ഡ്രോണ്‍ ടെക്‌നോളജി, ഡിജിറ്റല്‍ വിനോദങ്ങള്‍, ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഇ ഗവേണന്‍സ്, മൊബൈല്‍ ഗവേണന്‍സ് യൂസര്‍ ഇന്റര്‍ഫെയ്‌സ്/എക്‌സപീരിയന്‍സ് തുടങ്ങി വിപ്ലവകരമായ സാങ്കേതിക വിദ്യകളിലായിരിക്കും ഇത്തവണ ഹഡില്‍ കേരളയുടെ ഊന്നല്‍. വേദിയിലെ പരിപാടികള്‍ക്കു പുറമെ നെറ്റ്വര്‍ക്കിങ് സെഷനുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, സമാന്തര ചടങ്ങുകള്‍ എന്നിവയും നടക്കും.


സ്റ്റാര്‍ട്ടപ്പുകളുടെ വലിയ കൂട്ടായ്മ സൃഷ്ടിക്കുക, സ്ഥാപക-നിക്ഷേപക ബന്ധം സൃഷ്ടിക്കുക, അടുത്ത തലമുറയിലേക്കു വളരാന്‍ കമ്പനികളെ സഹായിക്കുക എന്നതിലാണ് 'ഹഡില്‍ കേരള-19' ആത്യന്തികമായി ലക്ഷ്യമിടുന്നത്. വിശദവിവരങ്ങള്‍ ംംം.വൗററഹല.ില.േശി എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

OTHER SECTIONS