ടിക് ടോക്കിന് വെല്ലുവിളി ഉയര്‍ത്താനൊരുങ്ങി ഇന്‍സ്റ്റാഗ്രാം റീല്‍സ്

By online desk.14 11 2019

imran-azhar

 

ഫെയ്സ്ബുക്കിനും ഇന്‍സ്റ്റാഗ്രാമിനും സ്നാപ്ചാറ്റിനുമൊക്കെ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്ന മുന്നേറ്റമാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ടിക് ടോക് കാഴ്ചവെച്ചത്. ഏഷ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും യുവാക്കള്‍ക്കിടെയില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാന്‍ ടിക് ടോകിന് കഴിഞ്ഞു.

 

പ്രതിമാസ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനേയും ഫെയ്സ്ബുക്കിനേയും മറികടന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിപണിയില്‍ ടിക് ടോക്കിനെ നേരിടാനുള്ള വഴി കണ്ടെത്തിയിരിക്കുകയാണ് ഇന്‍സ്റ്റാഗ്രാം ഇപ്പോള്‍.

 

ടിക് ടോക്കിന് സമാനമായി ഇന്‍സ്റ്റാഗ്രാം റീല്‍സ് എന്ന പേരില്‍ ഒരു വീഡിയോ-മ്യൂസിക് റീമിക്സ് ഫീച്ചര്‍ ആരംഭിച്ചിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം ഇപ്പോള്‍. ഇതുവഴി ഉപയോക്താക്കള്‍ക്ക് 15 സെക്കന്റ് ദൈര്‍ഘ്യമുള്ള ലഘുവീഡിയോകള്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറീസ് ആയി പങ്കുവെക്കാം.

 


ഇതിനായി ഇന്‍സ്റ്റാഗ്രാം ഒരു പുതിയ ടോപ്പ് റീല്‍ വിഭാഗം എക്സ്പ്ലോര്‍ ടാബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പാട്ടുകളുടെ വലിയൊരു കാറ്റലോഗും ഇന്‍സ്റ്റാഗ്രാം തയ്യാറാക്കിയിട്ടുണ്ട്. മറ്റൊരാളുടെ വീഡിയോയിലെ ശബ്ദവും ഉപയോക്താക്കള്‍ക്ക് ഇതിനായി ഉപയോഗിക്കാവുന്നതാണ്.

 

നിലവില്‍ ബ്രസീലില്‍ മാത്രമാണ് റീല്‍സ് ലഭ്യമാക്കിയിരിക്കുന്നത്. സെനാസ് എന്നാണ് ബ്രസീലില്‍ ഇതിന്റെ പേര്. ഐഓഎസ്, ആന്‍ഡ്രോയിഡ് പ്ലാറ്റ്ഫോമുകളില്‍ ഇത് ലഭ്യമാണ്.

 

ടിക് ടോക്കിനെ നേരിടാന്‍ ലാസോ എന്ന പേരില്‍ ഒരു പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കിയ ഫെയ്സ്ബുക്കിനെ മാതൃകയാക്കുന്നതിന് പകരം, നിലവിലെ ശക്തമായ ഉപഭോക്തൃ അടിത്തറ പ്രയോജനപ്പെടുത്തി പുതിയ ഫീച്ചര്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ഇന്‍സ്റ്റാഗ്രാമിന്റെ നീക്കം.

 

 

OTHER SECTIONS