/kalakaumudi/media/post_banners/b1ffaaad95291c5c9469cc5a68b0ba9610687107cf975e90ff92bf34c59a0bc1.jpg)
സോഷ്യല്‍ മീഡിയയ്ക്ക് പെട്ടെന്നു വാര്‍ദ്ധക്യം ബാധിച്ചു! കുറെ ദിവസങ്ങളായി അവിടെ എല്ലാവരും വൃദ്ധരാണ്, തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം. വൃദ്ധരായവരില്‍ സാധാരണക്കാര്‍ മുതല്‍ സൂപ്പര്‍ താരങ്ങള്‍ വരെയുണ്ട്. ഹോളിവുഡ് മുതല്‍ മോളിവുഡില്‍ വരെയുള്ള താരങ്ങള്‍ തങ്ങളുടെ വാര്‍ദ്ധക്യ ചിത്രം പോസ്റ്റ് ചെയ്തു. ഇപ്പോള്‍ ലോകം ചര്‍ച്ച ചെയ്യുന്നത് വാര്‍ദ്ധക്യത്തെപ്പറ്റിയാണ്. പ്രായം മറയ്ക്കാന്‍ ഡൈ ചെയ്തു ചെറുപ്പമായവര്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൃദ്ധരായി. ഇതെന്തു മറിമായം, ഈ ലോകത്തിനിതെന്തുപറ്റി എന്നു ചോദിക്കാന്‍ വരട്ടെ. കുഴപ്പക്കാരന്‍ ഒരു ആപ്പാണ്, ഫേസ് ആപ്പ്. ഈ ആപ്പാണ് പെട്ടെന്നു വൃദ്ധരാകാന്‍ സഹായിച്ചത്.
ഫോട്ടോ എഡിറ്റിംഗ് ആപ്പായ ഫേസ് ആപ്പ് വികസിപ്പിച്ചെടുത്തത് റഷ്യന്‍ കമ്പനിയായ വയര്‍ലെസ് ലാബാണ്. ആപ്പിന്റെ ആദ്യ വേര്‍ഷന്‍ 2017 ല്‍ പുറത്തുവിട്ടു. ഇപ്പോള്‍ വൈറലായ സൗജന്യ ആപ്പില്‍ വാര്‍ദ്ധക്യം പോലുള്ള പരിമിതമായ ഓപ്ഷനുകള്‍ മാത്രമേയുള്ളൂ.
ഫേസ് ആപ്പ് ഒരു ആപ്പായി മാറരുതെന്ന താക്കീതും ഉയരുന്നുണ്ട്. ഇതില്‍ ചില ചതിക്കുഴികളും മറഞ്ഞിരിപ്പുണ്ടതേ! ഫോബ്‌സ്, വയേഡ് തുടങ്ങിയ മാഗസിനുകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഫേസ് ആപ്പ് അത്ര നിഷ്‌കളങ്കനാവില്ല എന്നാണ്. ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഫേസ്ബുക്ക് ക്വിസിലൂടെ കൈക്കലാക്കിയ, കോളിളക്കം സൃഷ്ടിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക സ്‌കാന്‍ഡലിനെപ്പോലെ, ഏതാണ്ട് 150 ദശലക്ഷം ആളുകളുടെ ഫേഷ്യല്‍ ഡേറ്റയാണ് ഇപ്പോള്‍ ഫേസ് ആപ്പിന്റെ കൈവശമുള്ളത്. അതിനാല്‍, സുരക്ഷിതത്വത്തിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആപ്പികള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ അതിനായി ചില അനുമതി നിര്‍ദ്ദേശങ്ങള്‍ ലഭിക്കും. അവയൊക്കെയും നന്നായി വായിക്കണം. കാരണം ചില ആപ്പുകളെ മറ്റ് ആപ്പുകളുമായി ലിങ്ക് ചെയ്തിരിക്കും. എന്നുവച്ചാല്‍ ബാങ്കിംഗ് ആപ്പുകളുമായി വരെ ബന്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നര്‍ത്ഥം. അതിനാല്‍, ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ നല്ല ശ്രദ്ധ വേണം.
മറ്റ് ആപ്പുകളുമായി നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിനെ ബന്ധിപ്പിക്കാന്‍ പാടില്ല. ഉദാഹരണത്തിന്, ഫേസ് ആപ്പ് പോലുള്ളവയില്‍ പ്രവേശിക്കാന്‍ ഫേസ്ബുക്ക് ഉപയോഗിച്ചാല്‍, നിങ്ങളുടെ ഡിവൈസിന്റെ വിവരങ്ങള്‍ അവര്‍ക്കു ലഭിക്കും. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ നല്‍കുന്ന ഡേറ്റ ദോഷകമായിട്ടോ അല്ലാതെയോ ഉപയോഗിക്കുകയോ വില്‍ക്കുകയോ ചെയ്യാനുള്ള സാധ്യതയുമുണ്ട്.