മീഷോ ഇനി വ്യത്യസ്ത ഭാഷകളില്‍

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളാണ് ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്‌മെന്റുകള്‍ നടത്തുന്നതിനും ഡീലുകളും കിഴിവുകളും നേടുന്നതിനും ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടഭാഷ തെരഞ്ഞെടുക്കാം

author-image
Priya
New Update
മീഷോ ഇനി വ്യത്യസ്ത ഭാഷകളില്‍

 

ദില്ലി: സോഫ്റ്റ്ബാങ്കിന്റെ പിന്തുണയുള്ള ഇന്ത്യന്‍ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ മീഷോ ഇനി മലയാളത്തിലും. വിവിധ പ്രദേശങ്ങളിലെ 377 ദശലക്ഷം വരുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് മീഷോ പുതിയ അപ്‌ഡേഷന്‍ കൊണ്ടു വന്നിരിക്കുന്നത്.

മീഷോയില്‍ ഇപ്പോള്‍ മലയാളം അടക്കം എട്ട് ഭാഷകളില്‍ കൂടിയാണ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ കൊമേഴ്‌സ് രംഗം എല്ലാവര്‍ക്കും എന്ന കമ്പനിയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് എട്ട് പുതിയ പ്രാദേശിക ഭാഷകള്‍ കൂടി മീഷോ നിലവില്‍ ഉള്‍പ്പെടുത്തിയത്.

മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, മറാത്തി, ഗുജറാത്തി, ബംഗാളി, ഒഡിയ തുടങ്ങിയ ഭാഷകളാണ് ആപ്പില്‍ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അക്കൗണ്ടിലേക്കും ഉല്പന്ന വിവരങ്ങളിലേക്കും പ്രവേശിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനും പേയ്‌മെന്റുകള്‍ നടത്തുന്നതിനും ഡീലുകളും കിഴിവുകളും നേടുന്നതിനും ആന്‍ഡ്രോയിഡ് ഫോണുകളില്‍ മീഷോ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഇഷ്ടഭാഷ തെരഞ്ഞെടുക്കാം എന്ന് അര്‍ഥം.

ഉപയോക്താക്കളില്‍ 50 ശതമാനം പേരും ആദ്യമായി ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരാണെന്നതിനാലാണ് ഇത്തരമൊരു അപ്‌ഡേഷന്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രദേശിക ഭാഷകളുടെ അവതരണത്തോടെ ഉപയോക്താക്കള്‍ നേരിടുന്ന ഭാഷാ തടസം ഇല്ലാതാക്കുക എന്നതാണ് മീഷോയുടെ ലക്ഷ്യം.

ഇന്ത്യയിലെ അടുത്ത ബില്യണ്‍ ഉപയോക്താക്കള്‍ക്കുള്ള സിംഗിള്‍ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി മാറുന്നതിനു മുന്നോടിയായുള്ള ചുവടുവയ്പ്പാണിത് എന്നാണ് മീഷോ ചീഫ് ടെക്‌നോളജി ഓഫീസര്‍ സഞ്ജീവ് ബര്‍ണ്‍വാള്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മീഷോ പ്ലാറ്റ്ഫോമില്‍ ഹിന്ദി ഒരു ഭാഷാ ഓപ്ഷനായി അവതരിപ്പിച്ചിരുന്നു.

അഹമ്മദാബാദ്, വഡോദര, ജംഷഡ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഹിന്ദി സംസാരിക്കാനറിയാത്ത സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് മീഷോ ഉപഭോക്താക്കളില്‍ ഭൂരിഭാഗം പേരും. ഇംഗ്ലീഷോ ഹിന്ദിയോ എല്ലായ്പ്പോഴും എല്ലാവരും തെരഞ്ഞെടുക്കുന്ന ഭാഷ ആയിരിക്കില്ല,' എന്നും പ്രസ്താവനയില്‍ പറയുന്നു.

2021 മാര്‍ച്ചിന് ശേഷം പ്ലാറ്റ്ഫോമിലെ ഇടപാടുകള്‍ ഏകദേശം 5.5 മടങ്ങ് വര്‍ദ്ധിച്ചുവെന്ന് മീഷോ അവകാശപ്പെടുന്നു. അതേ കാലയളവില്‍ തന്നെ ഇടപാടുകള്‍ ഒമ്പത് മടങ്ങ് വര്‍ദ്ധിച്ച് ഏകദേശം 72 ദശലക്ഷമായതായും പറയുന്നു.

meesho app language