ന്യൂറോലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് പരീക്ഷണം വിജയകരം; മനുഷ്യനില്‍ പരീക്ഷിക്കുന്നത് ഇതാദ്യം

മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ച പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ന്യൂറോലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്.

author-image
anu
New Update
ന്യൂറോലിങ്കിന്റെ ബ്രെയിന്‍ ചിപ്പ് പരീക്ഷണം വിജയകരം; മനുഷ്യനില്‍ പരീക്ഷിക്കുന്നത് ഇതാദ്യം

സാന്‍ഫ്രാന്‍സിസ്‌കോ: മനുഷ്യന്റെ തലച്ചോറില്‍ ആദ്യമായി ചിപ്പ് സ്ഥാപിച്ച പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ന്യൂറോലിങ്ക് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. മനുഷ്യ മസ്തിഷ്‌കവും കമ്പ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ഇലോണ്‍ മസ്‌ക് ന്യൂറാലിങ്ക് സ്ഥാപിച്ചത്. ബ്രെയിന്‍ ചിപ്പ് മനുഷ്യനില്‍ പരീക്ഷിക്കുന്നതിന് മുന്നോടിയായി നേരത്തേ കുരങ്ങുകളില്‍ പരീക്ഷിച്ചത് അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും നിയമ നടപടികള്‍ക്കും വഴിയൊരുക്കിയിരുന്നു.

അഞ്ച് നാണയങ്ങള്‍ ഘടിപ്പിച്ചു വെച്ചതുപോലുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ പ്രധാന ഭാഗം. ഇത് തലച്ചോറിനകത്ത് സര്‍ജറിയിലൂടെ സ്ഥാപിക്കും. ഇതുവഴിയാണ് കമ്പ്യൂട്ടറുമായുള്ള ആശയവനിമയം സാധ്യമാകുന്നത്.

ബ്രെയിന്‍ ചിപ്പ് ഘടിപ്പിച്ചയാള്‍ സുഖം പ്രാപിച്ചു വരുന്നതായും പ്രാരംഭ ഫലങ്ങള്‍ ശുഭസൂചകമാണെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചു. പാര്‍ക്കിന്‍സണും അല്‍ഷിമേഴ്‌സുമടക്കം ന്യൂറോ സംബന്ധമായ അസുഖങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്തുക എന്നതാണ് ന്യൂറാലിങ്കിന്റെ പ്രധാന ലക്ഷ്യം.

ചിന്തിക്കുമ്പോള്‍ തന്നെ ഫോണോ കമ്പ്യൂട്ടറോ അതു നിയന്ത്രിക്കുന്ന മറ്റ് ഉപകരണങ്ങളോ ഒരാള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനാകുമെന്നും മസ്‌ക് എക്‌സില്‍ കുറിച്ചു. അംഗഭംഗം വന്നവരായിരിക്കും തുടക്കത്തില്‍ ഈ സാങ്കേതിക വിദ്യയുടെ ഗുണഭോക്താക്കള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ന്യൂറാലിങ്കിന് മനുഷ്യ മസ്തിഷ്‌കത്തില്‍ പരീക്ഷണം നടത്താനുള്ള അനുമതി ലഭിച്ചത്.

technology elon-musk Latest News Neuralink