ചരിത്ര നിമിഷം; മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് ഭ്രമണപഥത്തില്‍

By anju.25 01 2019

imran-azhar

 

ഹൈദരാബാദ്: ബഹിരാകാശ വിക്ഷേപണ ചരിത്രത്തില്‍ വീണ്ടും നാഴികക്കല്ലായി ഐഎസ്ആര്‍ഒ. മൈക്രോസാറ്റ്-ആര്‍, കലാംസാറ്റ് എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പിഎസ്എല്‍വി സി 44ന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്ന് രാത്രി 11.37നായിരുന്നു വിക്ഷേപണം.


നൂറ്റിമുപ്പത് കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍, രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് മുതല്‍ക്കൂട്ടാകുന്നതാണ്. വിക്ഷേപിച്ച് കൃത്യം പതിനഞ്ച് മിനിട്ടിനുള്ളില്‍ ഉപഗ്രഹം ഇരുന്നൂറ്റി എഴുപത്തിനാല് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചേര്‍ന്നു. ഇത് പിഎസ്എല്‍വിയുടെ നാല്‍പ്പത്താറാമത് വിക്ഷേപണമാണ്. പിഎസ്എല്‍വിയുടെ പുതിയ പതിപ്പായ പിഎസ്എല്‍വി ഡിഎല്‍ ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

 

റോക്കറ്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.


കലാംസാറ്റ് ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഉപഗ്രഹമാണ്. ചെന്നൈയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാംസാറ്റിന്റെ ഭാരം 1.26 കിലോഗ്രാമാണ്. ഇതിന്റെ ആയുസ്സ് രണ്ട് മാസമാണ്. വിക്ഷേപണ വാഹനമായ പിഎസ്എല്‍വി സി ഫോട്ടിഫോറിന്റെ നാലാം ഘട്ടത്തെ പരീക്ഷണ കേന്ദ്രമാക്കി മാറ്റുന്നതും വിക്ഷേപണത്തിന്റെ ലക്ഷ്യമാണ്

 


സാധാരണയായി വിക്ഷേപണ റോക്കറ്റിന്റെ ഓരോ ഘട്ടവും വേര്‍പ്പെട്ടു ഭൂമിയില്‍ തന്നെ തിരിച്ചു പതിക്കുകയാണ് പതിവ്. എന്നാല്‍ ഉപഗ്രഹത്തെ അതിന്റെ ഭ്രമണപഥത്തിലെത്തിച്ച ശേഷം നാലാം ഘട്ടം തിരികെ പതിക്കുന്നില്ലെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ബഹിരാകാശ വിക്ഷേപണ ചരിത്രത്തിലാദ്യമായി ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയാകുന്ന കാലയളവു വരെ നാലാം ഘട്ടവും ഒപ്പമുണ്ടാകും. സോളാര്‍ പാനലുകളോടു കൂടിയതാകും നാലാം ഘട്ടം. ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിനനുസരിച്ചു സഞ്ചരിക്കാന്‍ ഇവ സഹായകരമാകും. ലോകത്തിലെ ഒരു ബഹിരാകാശ ഏജന്‍സിയും നാളിതുവരെ ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല.

 

OTHER SECTIONS