റിസാറ്റ് വിക്ഷേപണം 22ന് ശ്രീഹരിക്കോട്ടയില്‍നിന്ന്

By online desk.07 05 2019

imran-azhar

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ശത്രുനിരീക്ഷണത്തിന് ആകാശത്ത് കൂടുതല്‍ കരുത്ത് പകരാനായി റഡാര്‍ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ്  2 ബിആര്‍1) വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. മേയ് 22നാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപണം. പാക് അധീന കാശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റിസാറ്റ്  2 ബിആര്‍1. റിസാറ്റിലെ സിന്തറ്റിക് അപേര്‍ച്ചര്‍ റഡാര്‍ എല്ലാ  കാലാവസ്ഥയിലും ഒരുപോലെ നിരീക്ഷണം നടത്താന്‍ ശേഷിയുള്ളതാണ്.

 

കരയിലെയും കടലിലെയും കാഴ്ചകള്‍ പകര്‍ത്താന്‍ ഒരുപോലെ ശേഷിയുള്ളതാണ് റിസാറ്റ് 2 ബിആര്‍1. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും അറബിക്കടലിലെ പാക് യുദ്ധക്കപ്പലുകളും റിസാറ്റിന്റെ പരിധിയില്‍പെടും. പി.എസ്.എല്‍.വിസി 46ലാണ് റിസാറ്റ് പറക്കുക. പ്രതിരോധ ഉപഗ്രഹങ്ങള്‍ക്കൊപ്പം ഐ.എസ്.ആര്‍.ഒയുടെ കാര്‍ട്ടോഗ്രഫി ഉപഗ്രഹമായ കാര്‍ട്ടോസാറ്റും പി.എസ്.എല്‍.വിയിലുണ്ടാകും. ചാര്‍ട്ടുകളും ഭൂഗോള ഭൂപടങ്ങളും തയ്യാറാക്കാനാണ് കാര്‍ട്ടോസാറ്റ് ഉപയോഗിക്കുന്നത്.

 


റിസാറ്റ് പരമ്പരയിലെ പഴയ ഉപഗ്രഹങ്ങളില്‍നിന്നുള്ള ചിത്രങ്ങള്‍ ഉപയോഗിച്ചാണ് 2016ല്‍ സര്‍ജിക്കല്‍ സ്‌െ്രെടക്കിനും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനും ഇന്ത്യ ആസൂത്രണങ്ങള്‍ നടത്തിയത്. 2008ലെ മുംബയ് ഭീകരാക്രമണത്തിനുശേഷമാണ് ഇസ്രയേല്‍ നിര്‍മിത നൂതന റഡാര്‍ സംവിധാനങ്ങള്‍ അടങ്ങിയ റിസാറ്റ്2 ഉപഗ്രഹ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടത്.

OTHER SECTIONS