ഫേസ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സ്‌നാപ്ചാറ്റ്

പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 18 ശതമാനം വളർന്ന് 33.2 കോടിയായി ഉയർന്നുവെന്ന് സ്‌നാപ്ചാറ്റ് അവകാശപ്പെടുന്നു.

author-image
santhisenanhs
New Update
ഫേസ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സ്‌നാപ്ചാറ്റ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിനേയും ട്വിറ്ററിനേയും പിന്നിലാക്കി സ്‌നാപ്ചാറ്റ്. തങ്ങളുടെ സജീവ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണം 18 ശതമാനം വളർന്ന് 33.2 കോടിയായി ഉയർന്നുവെന്ന് സ്‌നാപ്ചാറ്റ് അവകാശപ്പെടുന്നു.

ഫേസ്ബുക്കിന്റെ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ നഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, ട്വിറ്ററിന് അമേരിക്കയിൽ പ്രതിദിന ഉപഭോക്താക്കളുടെ എണ്ണത്തിൽ രണ്ട് ശതമാനം വളർച്ചയും ആഗോളതലത്തിൽ 15 ശതമാനം വളർച്ചയുമാണുണ്ടായത്. സ്‌നാപ്ചാറ്റിന്റെ മാതൃസ്ഥാപനമായ സ്‌നാപ്പിന്റെ വരുമാനം 38 ശതമാനം വളർന്ന് 2022 മാർച്ച് 31-ന് 106 കോടി ഡോളറിലെത്തി.

ഒരു വർഷം കൊണ്ട് 44 ശതമാനം വളർച്ച കൈവരിക്കാൻ തങ്ങൾക്കായെന്ന് സ്‌നാപ്ചാറ്റ് പറഞ്ഞു. എങ്കിലും യുക്രൈനിലെ റഷ്യൻ അധിനിവേശം സ്‌നാപ്ചാറ്റിന്റെ വരുമാനത്തിൽ ഇടിവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും യുദ്ധത്തിന്റെ സ്വാധീനം എന്തായിരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ലെന്ന് സ്‌നാപ്പ് സിഎഫ്ഒ ഡെറെക് ആൻഡേഴ്‌സൺ പറഞ്ഞു. ശരാശരി 25 കോടി ഉപഭോക്താക്കൾ പ്രതിദിനം സ്‌നാപ്ചാറ്റിലെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകൾ ഉപയോഗിക്കുന്നുണ്ട്. 25 വയസിന് മുകളിൽ പ്രായമുള്ള സ്‌നാപ്ചാറ്റർമാരുടെ പ്രതിദിന ഉപയോഗവും ഉള്ളടക്കങ്ങളും വർഷാവർഷം 25 ശതമാനത്തിലേറെ വർധിക്കുന്നുണ്ടെന്നും സ്‌നാപ്ചാറ്റ് പറയുന്നു.

ഫെയ്‌സ്ബുക്കിന്റെയും അനുബന്ധ സേവനങ്ങളുടേയും ആധിപത്യത്തിൽ പിന്നിലേക്ക് തള്ളപ്പെട്ട സേവനമാണ് സ്‌നാപ്ചാറ്റ്. ഇൻസ്റ്റാഗ്രാം ആണ് സ്‌നാപ്ചാറ്റിന് കനത്ത വെല്ലുവിളി ഉയർത്തിയത്. ഫെയ്‌സ്ബുക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്നുവെന്നതും സ്‌നാപ്ചാറ്റിന് ആളുകൾ കൂടുന്നുവെന്നുതും സോഷ്യൽ മീഡിയാ രംഗത്തെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താവുന്നതാണ്.

snapchat facebook twitter social media technology