സൗരോര്‍ജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയില്‍; സംസ്ഥാനത്ത് ആദ്യം

പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ സൗരോര്‍ജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു.

author-image
RK
New Update
സൗരോര്‍ജ ഉപകരണ ടെസ്റ്റിംഗ് ലാബ് കൊച്ചിയില്‍; സംസ്ഥാനത്ത് ആദ്യം

* കുസാറ്റ്-അനേര്‍ട്ട് സംയുക്ത സംരംഭം

* പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

കൊച്ചി: പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഭാഗമായി ജില്ലയില്‍ സൗരോര്‍ജ ഉപകരണ ടെസ്റ്റിംഗ് ലബോറട്ടറി ഒരുങ്ങുന്നു. സംസ്ഥാനത്താദ്യമായി പ്രവര്‍ത്തനം ആരംഭിക്കുന്ന ലാബ് അനേര്‍ട്ടിന്റെയും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സ്റ്റിക് (സോഫിസ്റ്റിക്കേറ്റഡ് ടെസ്റ്റ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ സെന്റര്‍) കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഒരുങ്ങുന്നത്. സ്റ്റാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തില്‍ കുസാറ്റ്, അനേര്‍ട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ക്ക് പുറമെ സൗരോര്‍ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ഭാഗമാകും.

ടെസ്റ്റിംഗ് ലാബിനായി 3.80 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. കൊച്ചി സര്‍വകലാശാല ക്യാമ്പസില്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്ന ലാബില്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 30 കിലോ വാട്ട് വരെയുള്ള ഗ്രിഡ് -കണക്റ്റഡ് ഇന്‍വെര്‍ട്ടറുകളുടെ ടെസ്റ്റിംഗ് ആയിരിക്കും ലാബില്‍ നടത്തുക. അടുത്ത ഘട്ടത്തില്‍ മോഡ്യൂളുകളുടെയും ഹൈബ്രിഡ് ഇന്‍വെര്‍ട്ടറുകളുടെയും ടെസ്റ്റിംഗ് നടത്താന്‍ സാധിക്കും.

പുരപ്പുറ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സ്റ്റാര്‍ട്ട് ലാബ് സഹായകമാവും. സൗരോര്‍ജ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും വ്യാവസായിക സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട് ലാബ് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.

 

 

sophisticated test and instrumentation centre cusat