ബി ആര്‍ ഷെട്ടിയെ പൂട്ടി ദൂബായ് കോടതി; എസ്ബിഐക്ക് 46 മില്യന്‍ ഡോളര്‍ നല്‍കാന്‍ ഉത്തരവ്

ഡിഐഎഫ്‌സി കോടതിയുടെ വെബ്‌സൈറ്റില്‍ വിധി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ഡിസംബറില്‍ ഷെട്ടി ഗ്യാരണ്ടിയില്‍ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷികളും തെളിവുകളുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

author-image
Biju
New Update
b r shetty

ദുബായ്: എന്‍എംസി ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിന്റെ സ്ഥാപകനായ ബി.ആര്‍. ഷെട്ടിക്ക് തിരിച്ചടിയായി ദുബായ് കോടതി വിധി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 46 മില്യന്‍ ഡോളര്‍ (168.7 മില്യന്‍ ദിര്‍ഹം) നല്‍കാന്‍ ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ (ഡിഐഎഫ്‌സി) കോടതി ഉത്തരവിട്ടു.

50 മില്യന്‍ ഡോളര്‍ വായ്പയ്ക്ക് വ്യക്തിഗത ഗ്യാരണ്ടി ഒപ്പിട്ടതിനെക്കുറിച്ച് വ്യാജ സത്യവാങ്മൂലം നല്‍കിയ കേസിലാണ് വിധി. ഒക്ടോബര്‍ എട്ടിനാണ് ഷെട്ടിക്കെതിരെ വിധി വന്നത്.

ഡിഐഎഫ്‌സി കോടതിയുടെ വെബ്‌സൈറ്റില്‍ വിധി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2018 ഡിസംബറില്‍ ഷെട്ടി ഗ്യാരണ്ടിയില്‍ ഒപ്പിട്ടിരുന്നുവെന്ന് തെളിയിക്കുന്ന സാക്ഷികളും തെളിവുകളുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കടത്തിന് വ്യക്തിപരമായി അദ്ദേഹം ബാധ്യസ്ഥനാണെന്നും കണ്ടെത്തി. പലിശ ഉള്‍പ്പെടെ ഷെട്ടി അടക്കണമെന്നാണ് ഉത്തരവിലുള്ളത്.

2018 ഡിസംബറില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്‍എംസി ഹെല്‍ത്ത് കെയറിന് അനുവദിച്ച 50 മില്യന്‍ ഡോളര്‍ വായ്പക്ക് ഷെട്ടി വ്യക്തിപരമായി ഗ്യാരണ്ടി നല്‍കിയിരുന്നോ എന്നതിനെചൊല്ലിയായിരുന്നു തര്‍ക്കം. ബാങ്ക് സിഇഒയെ കാണുകയോ രേഖകളിലൊന്നും ഒപ്പിടുകയോ ചെയ്തിരുന്നില്ലെന്നും തന്റെ ഒപ്പ് വ്യാജമാണെന്നും ഷെട്ടി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ഒട്ടേറെ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കപ്പെട്ടു.

2018 ഡിസംബര്‍ 25-ന് എന്‍എംസിയുടെ അബുദാബി ഓഫീസിലേക്ക് താന്‍ പോയതായി ബാങ്കിന്റെ അന്നത്തെ സിഇഒ അനന്ത ഷേണായി സാക്ഷ്യപ്പെടുത്തി. അവിടെ ഷെട്ടി തന്റെ സാന്നിധ്യത്തില്‍ ഗ്യാരണ്ടിയില്‍ ഒപ്പിട്ടതായും വ്യക്തമാക്കി. എന്‍എംസിയുടെ ഓഫീസുകളില്‍നിന്നെടുത്ത ഫോട്ടോകളും ഹാജരാക്കി. മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥനോട് ഷെട്ടി സേവനത്തിനുള്ള നന്ദി പറയുന്നതായിരുന്നു ഫോട്ടോകള്‍. ഇത് സംബന്ധിച്ചുള്ള ഷെട്ടിയുടെ അവകാശവാദങ്ങളെല്ലാം കോടതി തള്ളിക്കളഞ്ഞു. ബാധ്യതയില്‍നിന്നും രക്ഷപ്പെടാനുള്ള സൂത്രങ്ങളാണെന്നു കോടതി കുറ്റപ്പെടുത്തുകയും ചെയ്തു.