പലസ്തീൻ തടവുകാർക്ക് ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യം നൽകണം, സർക്കാരിനെ നിർത്തിപ്പൊരിച്ച് ഇസ്രയേൽ സുപ്രീം കോടതി

മാർച്ച് മാസത്തിൽ 17 വയസ് പ്രായമുള്ള പാലസ്തീൻ ബാലൻ ഇസ്രയേൽ ജയിലിൽ പട്ടിണി മൂലം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീൻ തടവുകാർക്കെതിരായ ഇസ്രയേലിന്റെ ക്രൂരത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്.

author-image
Devina
New Update
israel


ടെൽ അവീവ്: പലസ്തീൻ തടവുകാർക്ക് ആവശ്യത്തിന് ഭക്ഷണം നൽകുന്നില്ലെന്ന് രൂക്ഷ വിമർശനവുമായി ഇസ്രയേൽ സുപ്രീം കോടതി. പലസ്തീൻ തടവുകാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിന് ഇസ്രയേൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് സുപ്രീം കോടതി ഞായറാഴ്ച വിശദമാക്കിയത്. രണ്ട് വർഷത്തെ യുദ്ധത്തിൽ ഇസ്രയേൽ സർക്കാരിന്റെ പെരുമാറ്റത്തിനെതിരെ സുപ്രീം കോടതി നിലപാട് സ്വീകരിക്കുന്നതാണ് ഞായറാഴ്ച കാണാനായത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഗാസയിൽ ആയിരക്കണക്കിന് ആളുകളെയാണ് ഇസ്രയേൽ തടഞ്ഞുവച്ചിട്ടുള്ളത്. മാസങ്ങൾ നീണ്ട തടവ് കാലം കഴിഞ്ഞ് ആയിരത്തോളം പേരെ കുറ്റങ്ങളൊന്നും ചുമത്താതെ ഇസ്രയേൽ വെറുതെ വിട്ടിരുന്നു. ഇത്തരം തടങ്കൽ കേന്ദ്രങ്ങളിൽ നേരിടേണ്ടി വന്ന ക്രൂരതയും ചികിത്സയും ഭക്ഷണവും ശുചിമുറി പോലുമില്ലാത്ത സാഹചര്യത്തിൽ നിരന്തരമായി ഈ തടവുകാർ മർദ്ദനത്തിനിരയായെന്ന് മനുഷ്യാവകാശ സംഘടനകൾ വിശദമാക്കിയിരുന്നു. മാർച്ച് മാസത്തിൽ 17 വയസ് പ്രായമുള്ള പാലസ്തീൻ ബാലൻ ഇസ്രയേൽ ജയിലിൽ പട്ടിണി മൂലം മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പലസ്തീൻ തടവുകാർക്കെതിരായ ഇസ്രയേലിന്റെ ക്രൂരത വ്യാപകമായി ചർച്ച ചെയ്യപ്പെട്ടത്.അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ എന്ന അവകാശ സംഘടന സുപ്രീം കോടതിയിൽ നൽകിയ ഹ‍‍ർജിയിലാണ് സുപ്രീം കോടതിയുടെ റൂളിംഗ് എത്തുന്നത്. യുദ്ധ ശേഷം ഗാസയിൽ ഭക്ഷണ നയത്തിൽ സ്വീകരിച്ച തീരുമാനമാണ് പോഷകാഹാര കുറവിനും പട്ടിണിക്കും കാരണമായതെന്നാണ് അസോസിയേഷൻ ഫോർ സിവിൽ റൈറ്റ്സ് ഇൻ ഇസ്രായേൽ കോടതിയിൽ വിശദമാക്കിയത്. കഴിഞ്ഞ വർഷം ജയിൽ സംവിധാനം നിരീക്ഷിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ സുരക്ഷാ തടവുകാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇസ്രയേൽ നിയമം ആവശ്യപ്പെടുന്നതിലും കുറച്ചതായി പ്രതികരിച്ചിരുന്നു. ഇസ്രയേൽ സുപ്രീം കോടതിയിലെ മൂന്നംഗ ബെഞ്ചാണ് പരാതി പരിഗണിച്ചത്.സാധാരണ നിലയിലെ അസ്തിത്വം ഉറപ്പാക്കുന്ന ഭക്ഷണം തടവുകാർക്ക് ലഭിക്കണമെന്ന് കോടതി ഇസ്രയേൽ സർക്കാരിനോട് വിശദമാക്കി. നിലവിലെ ഭക്ഷണ വിതരണം നിയമം അനുശാസിക്കുന്നതിലും കുറവാണ്. തടവുകാർ ഭക്ഷണം കഴിക്കുന്നുണ്ടോയെന്ന് പോലും സംശയിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കോടതി വിധിക്കെതിരെ രൂക്ഷമായാണ് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രതികരിച്ചത്. ഇസ്രയേൽ സുപ്രീം കോടതി ഹമാസ് ഭീകരവാദികളെയാണ് പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരമെന്നാണ് ഇറ്റാമർ ബെൻ ഗ്വി‍ർ പ്രതികരിച്ചത്.