/kalakaumudi/media/media_files/2025/10/09/jaish-2025-10-09-19-59-12.jpg)
ഇസ്ലാമാബാദ് : പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് പുതിയ വനിതാ വിഭാഗം ആരംഭിക്കുന്നു. തങ്ങളുടെ ആദ്യ വനിതാ വിഭാഗത്തിന് 'ജമാഅത്ത്-ഉല്‍-മോമിനാത്ത്' എന്ന് പേര് നല്‍കിയതായി ഭീകരസംഘടന പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസഭ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ജെയ്ഷ്-ഇ-മുഹമ്മദ് മേധാവി മൗലാന മസൂദ് അസറിന്റെ പേരില്‍ പുറത്തിറക്കിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ഓപ്പറേഷന്‍ സിന്ദൂറില്‍ ഭര്‍ത്താവ് കൊല്ലപ്പെട്ട മസൂദ് അസറിന്റെ സഹോദരി ആയിരിക്കും ഭീകര സംഘടനയുടെ വനിതാ വിഭാഗത്തിന് നേതൃത്വം നല്‍കുക. പുതിയ യൂണിറ്റിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ പാകിസ്ഥാനിലെ ബഹവല്‍പൂരിലെ മര്‍കസ് ഉസ്മാന്‍-ഒ-അലിയില്‍ ആരംഭിച്ചു. ജെയ്ഷെ-ഇ-മുഹമ്മദിന്റെ പ്രചാരണ മാധ്യമമായ അല്‍-ഖലം മീഡിയ ആണ് വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
മസൂദിന്റെ സഹോദരി സാദിയ അസ്ഹര്‍ നേതൃത്വം നല്‍കുന്ന 'ജമാഅത്ത്-ഉല്‍-മോമിനാത്ത്' ജെയ്ഷെ മുഹമ്മദിന്റെ കമാന്‍ഡര്‍മാരുടെ ഭാര്യമാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും ആണ് ലക്ഷ്യമിടുന്നത്. മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യന്‍ സൈന്യം ജെയ്ഷെ മുഹമ്മദിന്റെ മര്‍കസ് സുബ്ഹാനള്ള ബേസ് ആക്രമിച്ചപ്പോഴാണ് മസൂദ് അസ്ഹറിന്റെ സഹോദരിയുടെ ഭര്‍ത്താവ് യൂസഫ് കൊല്ലപ്പെട്ടിരുന്നത്.
മുന്‍കാലങ്ങളില്‍ സ്ത്രീകള്‍ സായുധ ജിഹാദില്‍ ഏര്‍പ്പെടുന്നതിനോ യുദ്ധരംഗത്ത് പങ്കെടുക്കുന്നതിനോ വിലക്ക് ഏര്‍പ്പെടുത്തിയിരുന്ന ജെയ്ഷെ മുഹമ്മദിന്റെ ഈ പുതിയ നീക്കം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള നയപരിഷ്‌കരണം ആയാണ് സൂചിപ്പിക്കപ്പെടുന്നത്. പാകിസ്താനി സ്ത്രീകളെയും പെണ്‍കുട്ടികളെയും രംഗത്തിറക്കി ഇന്ത്യക്കെതിരായ ആക്രമണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാനും ശക്തിപ്പെടുത്താനും ആണ് സംഘടന ലക്ഷ്യമിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
