ജീവനക്കാരുടെ അനാസ്ഥ; തൃശൂരിലെ 21 പുള്ളിമാനുകളും ചത്തു

സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ തെരുവുനായ്ക്കളുെട സാന്നിധ്യം ഉണ്ട്. മാനുകളുടെ ആവാസയിടത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം ഒരു കേഴമാനിനേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു

author-image
Biju
New Update
park

തൃശ്ശൂര്‍: രണ്ടാഴ്ച മുന്‍പ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്ത തൃശ്ശൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ 10 പുള്ളിമാനുകളെ തെരുവുനായ്ക്കള്‍ ആക്രമിച്ചു കൊന്നതായി സംശയം. ചൊവ്വാഴ്ച രാവിലെയാണ് മാനുകളെ ചത്തനിലയില്‍ കണ്ടത്. തലേന്ന് രാത്രി നായക്കൂട്ടം ഇവയുടെ ആവാസകേന്ദ്രത്തില്‍ കടന്നുകയറിയെന്നാണ് സംശയം. 21 പുള്ളിമാനുകളാണ് പാര്‍ക്കില്‍ മൊത്തമുണ്ടായിരുന്നത്. നഗരത്തിലെ പഴയ മൃഗശാലയില്‍നിന്ന് കൊണ്ടുവന്നവയാണിവയെല്ലാം.

സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ തെരുവുനായ്ക്കളുെട സാന്നിധ്യം ഉണ്ട്. മാനുകളുടെ ആവാസയിടത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് തെരുവുനായ്ക്കളെ പിടികൂടി. കഴിഞ്ഞ ദിവസം ഒരു കേഴമാനിനേയും ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ജീവനക്കാരുടെ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം മാനുകളെ ക്രാളുകളിലേക്ക് തിരിച്ചു കയറ്റുകയാണ് പതിവ്. എന്നാല്‍ തിങ്കളാഴ്ച രാത്രി മാനുകളെ തിരിച്ചു കയറ്റിയിരുന്നില്ല. മാനുകള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടില്ലെന്ന് സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടര്‍ ബി.എന്‍.നാഗരാജു പറഞ്ഞു. നായ്ക്കളെ കണ്ട് മാനുകള്‍ ഭയന്നോടി പരിക്കേറ്റ് മരിച്ചതാകാമെന്നും സംശയിക്കുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ കാരണം വ്യക്തമാകൂ.

തെരുവുനായ്ക്കള്‍ കടക്കാതിരിക്കാനുള്ള ക്രമീകരണങ്ങളൊന്നും പാര്‍ക്കില്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നത് ഈ സംഭവത്തോടെയാണ് പുറത്തറിഞ്ഞത്. പ്രവേശന കവാടത്തിലെ ഗേറ്റുകളും പ്രധാന റോഡ് തീരുന്നിടത്തെ മതിലുകളും നായ്ക്കള്‍ക്ക് അനായാസം അകത്തേക്കു കടക്കാന്‍ പറ്റുന്ന തരത്തിലുള്ളതാണ്. കുന്നുകളും ചെരിവുകളും ഉള്ള ഇടത്തിലാണ് പാര്‍ക്ക് എന്നതിനാല്‍ മഴവെള്ളം ഒലിച്ചുപോകാനായി ചുറ്റുമതിലില്‍ വലിയ ദ്വാരങ്ങളിട്ടിട്ടുണ്ട്. ഇതിലൂടെയും നായ്ക്കള്‍ക്ക് അകത്തു കടക്കാനാകും. ഉദ്ഘാടന ദിവസങ്ങളില്‍ തുറന്നുകിടന്നിരുന്ന വഴിയിലൂടെയാകാം നായ്ക്കള്‍ എത്തിയതെന്ന് സംശയിക്കുന്നതായി പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.